മന്ത്രിമാർക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ​ഗവർണർ, ‘മന്ത്രിമാർക്ക് വിദ്യാഭ്യാസമില്ല, നിയമം അറിയില്ല’

Advertisement

കൊച്ചി: സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞടിച്ചു. സർവകലാശാലകളിൽ വിസിമാരെ നിയമിക്കാൻ ആർക്കാണ് അധികാരമെന്നു സുപ്രീംകോടതി വ്യക്തമാക്കിക്കഴിഞ്ഞുവെന്ന് സാങ്കേതിക സർവകലാശാലയിലെ വിസിയെ പുറത്താക്കിയ വിധിയുടെ കോപ്പി ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.

മദ്യവും ലോട്ടറിയും മുഖ്യവരുമാനമാക്കിയ ധനമന്ത്രിയാണ് തനിക്കു കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി അറിയില്ലെന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്. കേരളത്തിലെ വിദ്യാർഥികൾ പുറത്തേക്കു പോകുന്നതു വിദ്യാഭ്യാസ മേഖലയിൽ മുതൽ മുടക്കാൻ ആരും തയാറാകാത്തതു കൊണ്ടാണ്.

ഗവർണറുടെ നടപടികൾ പുനഃപരിശോധിക്കുമെന്നു നിയമമന്ത്രി പറയുന്നതു വിദ്യാഭ്യാസമോ, ഭരണഘടനാ– നിയമപരിജ്ഞാനമോ ഇല്ലാത്തതു കൊണ്ടാണെന്ന് അദ്ദേഹം പരിഹസിച്ചു. മന്ത്രിമാരെ നിയമിക്കുന്നതു താനാണ്.

വിസി നിയമനം ഗവർണറുടെ മാത്രം അധികാരമാണ്. സംസ്ഥാന സർക്കാരിന് അതിൽ ഒരു പങ്കുമില്ലെന്നും സുപ്രീം കോടതി വിധി വായിച്ച് ഗവർണർ വിശദീകരിച്ചു. ഇതു സംബന്ധിച്ചു നിയമസഭയിൽ നിയമം പാസാക്കിയാലും യുജിസി ചട്ടപ്രകാരമല്ലെങ്കിൽ ഫലമുണ്ടാകില്ല. മുൻ മന്ത്രിമാരായ സജി ചെറിയാൻ, കെ.ടി.ജലീൽ എന്നിവരുടെ ഭരണഘടനാവിരുദ്ധ പരാമർശങ്ങളെ പരാമർശിച്ച ഗവർണർ, മുഖ്യമന്ത്രി ഇതിനെ തിരുത്താൻ തയാറായില്ലെന്നും പറഞ്ഞു. സി.എച്ച്.മുഹമ്മദ് കോയയെപ്പറ്റി മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ വി.കെ.ബീരാൻ രചിച്ച പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ഗവർണർ.

പറഞ്ഞത് മന്ത്രിമാരെ പിരിച്ചുവിടുമെന്നല്ല

‘വിത്ഡ്രോവൽ ഓഫ് പ്ലഷർ’ എന്ന വാക്ക് താൻ ഉപയോഗിച്ചതിന്റെ അർഥം മന്ത്രിമാരെ പിരിച്ചുവിടും എന്നല്ലെന്ന് ഗവർണർ പറഞ്ഞു. മന്ത്രി അപമര്യാദയായി പെരുമാറിയാൽ അവരെ പിരിച്ചുവിടുമെന്നല്ല, അതിലുള്ള തന്റെ അസംതൃപ്തി കേരള ജനതയെ അറിയിക്കും എന്നു മാത്രമാണ് അർഥമാക്കിയത്.