അപകടത്തിന് ശേഷം വീട്ടിലെത്തി, സുഖം പ്രാപിച്ച് വരുന്നതായി സന്ദീപ്

Advertisement

തിരുവനന്തപുരം: തനിക്ക് അടുത്തിടെ ഉണ്ടായ വാഹനാപകടത്തിൽ തലയ്ക്കേറ്റ പരിക്ക് ​ഗുരുതരമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.

തലസ്ഥാനത്തെ പാറോട്ടുകോണം സ്‌നേഹ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടർ കുഴിയിൽപ്പെട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആശുപത്രി വാസത്തിന് ശേഷം തിരികെ വീട്ടിലെത്തിയ സന്ദീപ്
എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി ആരോഗ്യം വീണ്ടെടുത്ത് വരുന്നതായി അറിയിച്ചു.

പുറമേ വലിയ പരുക്കുകൾ ഇല്ലെങ്കിലും തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായിരുന്നെന്നും അപകടം നടന്ന സമയത്തെ കാര്യങ്ങൾ പൂർണമായി മറന്നതായും അഭിപ്രായപ്പെട്ടു. ഹെൽമറ്റ് ധരിച്ചത് കൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും ഫേസ്ബുക്ക് കുറിപ്പിൽ സന്ദീപ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എല്ലാവരുടെയും പ്രാർഥനയുടെ ഫലമായി ആരോഗ്യം വീണ്ടെടുത്ത് വരുന്നു. പുറമേ വലിയ പരുക്കുകൾ ഇല്ലെങ്കിലും തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായിരുന്നു. തലച്ചോറിന് ഏറ്റ പരുക്ക് മൂലം ഓർമ്മയ്ക്ക് തകരാർ ഉണ്ടായിരുന്നു. അപകടം നടന്ന ദിവസത്തെ ഓർമ്മ പൂർണ്ണമായി നഷ്ടമായിട്ടുണ്ട്. ഹെൽമറ്റ് ഉണ്ടായിരുന്നത് കൊണ്ട് മാത്രം ജീവൻ തിരികെ കിട്ടിയതാണ്. (ഹെൽമെറ്റ് ഒരു ജീവൻ രക്ഷാ ഉപകരണം ആണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കട്ടെ.) നടക്കാനും നിൽക്കാനും ഒക്കെ ബുദ്ധിമുട്ടുണ്ട്. ഒരു മാസത്തെ പരിപൂർണ്ണ വിശ്രമവും മൂന്ന് മാസത്തെ മരുന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. നൂറു കണക്കിന് ആൾക്കാരാണ് വിളിച്ചും വാട്സ്‌ആപ് മുഖാന്തിരവും വിവരങ്ങൾ അന്വേഷിക്കുന്നത്. മൊബൈൽ ഉപയോഗിച്ച്‌ തുടങ്ങിയിട്ടില്ലാത്തതിനാൽ മറുപടി നൽകാൻ സാധിക്കില്ല. അതിനാൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനകൾക്കും കരുതലിനും ഒരിക്കൽ കൂടി നന്ദി. പൂർവ്വാധികം കരുത്തോടെ ഉടൻ തിരികെ എത്തും

Advertisement