അടുക്കളയിലെ സിങ്കില്‍ കൈകഴുകാനെത്തി,തുപ്പി തടഞ്ഞതിന് ഹോട്ടല്‍ അടിച്ചു തകര്‍ത്തു

Advertisement

മാവേലിക്കര: അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് ആറംഗസംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു.
ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരിക്ക്.
ഒരാളുടെ പരിക്ക് ഗുരുതരം. മാവേലിക്കര റെയില്‍വേ ജംഗ്ഷനു പടിഞ്ഞാറ് വെള്ളൂര്‍ കുളത്തിനു സമീപം പുതുച്ചിറ നിസി കോട്ടേജില്‍ നിസിയുടെ ഉടമസ്ഥതയിലുള്ള കസിന്‍സ് ഫാസ്റ്റ്ഫുഡ് ഹോട്ടലില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
ആക്രമണം നടത്തിയ കണ്ടിയൂര്‍ പത്തായത്തിങ്കല്‍ രതീഷ് (31), അരീക്കര തെക്കതില്‍ മഹേഷ് (28), മണികണ്ഠന്‍ (34), കിഴക്കടത്ത് വടക്കതില്‍ രാജീവ് (24), ചെമ്ബന്‍പറമ്ബില്‍ വസിഷ്ഠ് (21) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.


സംഭവ സമയം ഹോട്ടലിലുണ്ടായിരുന്ന നിസി ഡാനിയേലിന്റെ സഹോദരന്‍ മാവേലിക്കര നഗരസഭ ഉമ്ബര്‍നാട് 13-ാം വാര്‍ഡില്‍ കുന്നുപറമ്ബില്‍ വീട്ടില്‍ അനു ജയരാജും (34), സുഹൃത്ത് രതീഷ് ചന്ദ്രനും ജീവനക്കാരന്‍ ജോസഫുമാണ് അക്രമത്തിനിരയായത്. ഭക്ഷണം കഴിച്ചശേഷം വാഷ്ബേസിനില്‍ കൈകഴുകാതെ അടുക്കളയില്‍ പാത്രം കഴുകുന്ന സിങ്കില്‍ കൈയും വായും കഴുകണമെന്ന് പ്രതികള്‍ ആവശ്യപ്പെടുകയും സിങ്കില്‍ തുപ്പുകയും ചെയ്തതായി അനു ജയരാജ് പറഞ്ഞു.
പ്രതികള്‍ അനു ജയരാജിനെ അസഭ്യം പറഞ്ഞ ശേഷം തലയുടെ ഇടതു ഭാഗത്ത് അടിച്ചു. അടി കൊണ്ട് താഴെവീണ ഇയാളെ ഹോട്ടലിന്റെ വാതിലിനു പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് മൃഗീയമായി മര്‍ദിച്ചു. കടയിലുണ്ടായിരുന്ന സുഹൃത്ത് രതീഷ് ചന്ദ്രന്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇയാളെ ചായ കൊടു ക്കുന്ന ട്രേ എടുത്ത് തലയ്ക്കടിച്ചു.


ജീവനക്കാരന്‍ ജോസഫിനെ ആക്രമിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ഈ സമയം കടയിലെത്തിയ നിസിഡാനിയേലിനെ അസഭ്യം വിളിക്കുകയും ചെയ്തതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഹോട്ടലിന്റെ ഉള്‍ഭാഗം പൂര്‍ണമായി അടിച്ചുതകര്‍ത്തു. ജീവനക്കാര്‍ക്കും പിടിച്ചുമാറ്റാന്‍ ചെന്നവര്‍ക്കും മര്‍ദനമേറ്റു. പോലീസില്‍ വിവരം അറിയിച്ചതോടെയാണ് ഇവര്‍ മടങ്ങിയത്. പിന്നീട്, അക്രമിസംഘത്തിലൊരാളുടെ നഷ്ടമായ മൊബൈല്‍ തിരിച്ചെടുക്കാന്‍ രണ്ടുപേര്‍ കടയി ലെത്തി.
ഈ സമയം സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇവരെ പിടികൂടി. ഇവരെ പ്രതീക്ഷിച്ച് റോഡില്‍ കാത്തുനിന്ന മറ്റൊരാളെയും മാവേലിക്കര ജംഗ്ഷനില്‍വച്ച് രണ്ടു പേരെയും അക്രമം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി.
തലയ്ക്ക് അടിയേറ്റ രതീഷ് ചന്ദ്രന് കണ്ണിനും നെറ്റിയിലും ഗുരുര പരിക്കേറ്റു. കാഷ് കൗണ്ടറിലിരുന്ന അനു ജയരാജിന് തലയ്ക്കാണ് പരിക്ക്. പ്രതികളില്‍ മഹേഷ് നേവി ഉദ്യോഗസ്ഥാണെന്നും വസിഷ്ഠ് കണ്ടിയൂരില്‍ ദമ്ബതികള്‍ക്കു നേരേ സദാചാര ആക്രമണം നടത്തിയ കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Advertisement