കോഴിക്കോട് : എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിവിക് ചന്ദ്രൻ കീഴടങ്ങി. വടകര ഡിവൈഎസ്പി ഓഫിസിൽ എത്തിയാണ് കീഴടങ്ങിയത്. സിവിക് ചന്ദ്രനു കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഏഴു ദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി ചോദ്യം ചെയ്യലിനു വിധേയമാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
2022 ഏപ്രിൽ 16നു പുസ്തക പ്രകാശന ചടങ്ങിനെത്തിയ പ്രതി പിറ്റേന്നു രാവിലെ യുവതിക്കെതിരെ ലൈംഗികാതിക്രമത്തിനു മുതിർന്നു എന്നാണു പരാതി. പരാതിക്കാരി പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞു കൊണ്ട് പ്രതി അതിക്രമത്തിനു മുതിർന്നു എന്നാണു പ്രോസിക്യൂഷൻ കേസ്. ആരോപിക്കപ്പെട്ട കുറ്റം പ്രഥമദൃഷ്ട്യാ ബാധകമല്ലെന്ന കീഴ്ക്കോടതി നിഗമനം ഹൈക്കോടതി റദ്ദാക്കി. ജാതി സമ്പ്രദായത്തിന് എതിരെ പോരാടുന്ന സിവിക് ചന്ദ്രൻ, പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് അതിജീവിതയെ ഉപദ്രവിച്ചുവെന്ന ആരോപണം വിശ്വസനീയമല്ലെന്നു സെഷൻസ് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി ഈ നിഗമനം റദ്ദാക്കി.
അധ്യാപികയും എഴുത്തുകാരിയുമായ മറ്റൊരു യുവതിയുടെ പരാതിയിലും സിവിക് ചന്ദ്രനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഏപ്രിൽ മാസത്തിൽ നടന്ന സംഭവത്തിലാണ് യുവതി പരാതി നൽകിയത്. സംഭവത്തെ തുടർന്ന് നിരന്തരം ഫോൺ വഴി ശല്യം തുടർന്നു എന്നും പരാതിയുണ്ടായിരുന്നു. ഈ കേസിൽ മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൊയിലാണ്ടി പൊലീസ് സിവിക്കിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.