കേരള മെഡിക്കല്‍-ഡെന്റല്‍ കോളജുകളില്‍ എംബിബിഎസ്‌, ബിഡിഎസ്‌ അലോട്ട്‌മെന്റ്‌; താത്‌ക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു

Advertisement

തിരുവനന്തപുരം: സര്‍ക്കാര്‍ , സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളില്‍ എംബിബിഎസ്‌, ബിഡിഎസ്‌ അലോട്ട്‌മെന്റ്‌ നടപടികള്‍ക്ക്‌ തുടക്കമായി. താത്‌ക്കാലിക അലോട്ട്‌മെന്റ്‌ പട്ടിക പ്രസിദ്ധീകരിച്ചു.

പരാതികള്‍ പരിഹരിച്ച്‌ അന്തിമ അലോട്ട്‌മെന്റ്‌ പട്ടിക 26ന്‌ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ്‌ ലഭിക്കുന്നവര്‍ 28 മുതല്‍ നവംബര്‍ നാലിന്‌ വൈകിട്ട്‌ മൂന്നിനകം പ്രവേശനം നേടണം.

അലോട്ട്‌മെന്റ്‌ മെമ്മോയില്‍ രേഖപ്പെടുത്തിയതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക്‌ അടയ്‌ക്കേണ്ടതുമായ തുക ഓണ്‍ ലൈനായോ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ വഴിയോ അടച്ചാണ്‌ പ്രവേശനത്തിന്‌ ഹാജരാകേണ്ടത്‌.നാല്‌ ഘട്ടമായിരിക്കും അലോട്ട്‌മെന്റ്‌. രണ്ട്‌ മുഖ്യ അലോട്ട്‌മെന്റുകളും മോപ്‌ അപ്‌ റൗണ്ടും സ്ര്‌ടേ വേക്കന്‍സി ഫില്ലിംഗും.

ഒന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ്‌ ലഭിച്ചാല്‍ ഫീസടച്ച്‌ പ്രവേശനം നേടണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റില്‍ നിന്ന്‌ പുറത്താകും. അലോട്ട്‌മെന്റ്‌ ലഭിച്ചാല്‍ ലഭിച്ച കോളജിന്‌ ശേഷമുള്ള ഓപ്‌ഷനുകള്‍ (ലോവര്‍ ഓപ്‌ഷന്‍) റദ്ദാകും. അലോട്ട്‌മെന്റ്‌ ലഭിച്ച കോളജിന്‌ മുകളിലുള്ള ഓപ്‌ഷനുകള്‍ നിലനില്‍ക്കും. തുടര്‍ അലോട്ട്‌മെന്റിന്‌ പരിഗണിക്കും.

ഫീസ് നിരക്ക്
സർക്കാർ കോളജുകളിൽ എം.ബി.ബി.എസിന് 22,050 രൂപയും ബി.ഡി.എസിന് 19,850 രൂപയുമാണ് വാർഷിക ഫീസ്. സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജുകളിലേക്ക് താൽക്കാലിക ഫീസായി ഉൾപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ വർഷം ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടനയാണ്.

പ്രവേശനം നേടുന്ന ഘട്ടത്തിൽ ഈ ഫീസായിരിക്കും ബാധകം. റെഗുലേറ്ററി കമ്മിറ്റി മാറ്റം വരുത്തിയാൽ അതാകും ഫീസ്. 6,00,914 രൂപ മുതൽ 7,65,400 വരെയാണ് ഈ ഫീസ്.

എം.ബി.ബി.എസിന് സ്വാശ്രയ കോളജുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ ഒരു ലക്ഷവും എൻ.ആർ.ഐ ക്വോട്ടയിൽ ലഭിക്കുന്നവർ അഞ്ചു ലക്ഷവും പ്രവേശന പരീക്ഷ കമീഷണർക്കാണ് ഒടുക്കേണ്ടത്. ബി.ഡി.എസിന് സ്വാശ്രയ കോളജുകളിൽ എൻ.ആർ.ഐ ക്വോട്ടയിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ ഒരു ലക്ഷവും പ്രവേശന പരീക്ഷ കമീഷണർക്ക് ഒടുക്കണം.

അലോട്ട്മെൻറ് ലഭിച്ച കോളജുകളിലേക്ക് ബാധകമായ ഫീസിൽ ബാക്കി പ്രവേശന സമയം കോളജിൽ അടക്കണം. ഗവൺമെൻറ്, മെഡിക്കൽ, ഡെൻറൽ കോളജുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ മുഴുവൻ ഫീസും കമ്മീഷണർക്ക് ഒടുക്കണം. എസ്.സി/ എസ്.ടി, ഒ.ഇ.സി, മത്സ്യത്തൊഴിലാളികളുടെ മക്കൾ തുടങ്ങി ഫീസ് ആനുകൂല്യ അർഹതയുള്ളവർ 1000 രൂപ ടോക്കൺ ഫീസായി അടക്കണം.

എന്നാൽ, ഈ വിഭാഗത്തിൽനിന്ന് സ്വാശ്രയ കോളജുകളിലെ മൈനോറിറ്റി/ എൻ.ആർ.ഐ സീറ്റുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ മറ്റ് വിഭാഗങ്ങൾക്ക് ബാധകമായ ഫീസ് കമ്മീഷണർക്ക് അടക്കണം.

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ്
• തിരുവല്ല പുഷ്പഗിരി, തൃശൂർ അമല, തൃശൂർ ജൂബിലി, കോലഞ്ചേരി മലങ്കര, കൊല്ലം ട്രാവൻകൂർ, കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ, കോഴിക്കോട് മലബാർ, തൊടുപുഴ അൽ അസ്ഹർ, തിരുവനന്തപുരം ശ്രീഗോകുലം, പെരിന്തൽമണ്ണ എം.ഇ.എസ് – 6,94,830 രൂപ വീതം.

• കോഴിക്കോട് കെ.എം.സി.ടി -6,87,410

• തിരുവല്ല ബിലീവേഴ്സ് -6,00,914

• പത്തനംതിട്ട മൗണ്ട് സിയോൺ -6,89,636

• പാലക്കാട് പി.കെ ദാസ് -6,31,018

• എറണാകുളം ശ്രീനാരായണ -7,65,400

•പാലക്കാട് കരുണ – 6,70,768 രൂപ.

• വയനാട് വിംസ് -7,55,062

• തിരുവനന്തപുരം എസ്.യു.ടി -6,61,168 രൂപ.

•എൻ.ആർ.ഐ ക്വോട്ട – 20 ലക്ഷം (എല്ലാ സ്വാശ്രയ കോളജുകളിലും)

സ്വാശ്രയ ഡെൻറൽ
ജനറൽ സീറ്റ് -3,30,940

എൻ.ആർ.ഐ -ആറു ലക്ഷം

മൈനോറിറ്റി സീറ്റുകൾ
സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ന്യൂനപക്ഷ പദവിയുള്ള കോളജുകൾക്ക് മാനേജ്മെൻറുമായി ബന്ധപ്പെട്ട സമുദായത്തിലെ (ക്രിസ്ത്യൻ, മുസ്ലിം) വിദ്യാർഥികൾക്കായി നീക്കിവെക്കുന്ന നിശ്ചിത ശതമാനം സീറ്റുകളാണ് മൈനോറിറ്റി സീറ്റുകൾ.

ഈ സീറ്റുകൾ ലഭ്യമായ കോളജുകളിലേക്ക് സമുദായത്തിലെ വിദ്യാർഥികൾക്ക് പൊതു മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്ട്മെൻറിനും കമ്യൂണിറ്റി മെറിറ്റ് പ്രകാരമുള്ള സീറ്റിലേക്കും രണ്ട് ഓപ്ഷനുകൾ സമർപ്പിക്കാം.

കൂടാതെ, സുപ്രീംകോടതി വിധി പ്രകാരം സ്വാശ്രയ കോളജുകളിൽ ഏർപ്പെടുത്തിയ, അപേക്ഷകരുടെ വാസസ്ഥലം പരിഗണിക്കാതെയുള്ള 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് ഓപ്ഷൻ സമർപ്പിക്കുന്ന മുഴുവൻ പേരെയും മെറിറ്റടിസ്ഥാനത്തിൽ അലോട്ട്മെൻറിനായി പരിഗണിക്കും. ഈ സീറ്റുകളിലേക്ക് അപേക്ഷകരില്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ളവരെയും പരിഗണിക്കും.

ഗവ. കോളജുകളിൽ സ്റ്റേറ്റ് ക്വോട്ട 1429
12 സർക്കാർ മെഡിക്കൽ കോളജുകളിലായി 1755 എം.ബി.ബി.എസ് സീറ്റുകളുണ്ടെങ്കിലും പ്രവേശന പരീക്ഷ കമീഷണർ സ്റ്റേറ്റ് ക്വോട്ടയിൽ അലോട്ട്മെൻറ് നടത്തുന്നത് 1429 എണ്ണമായിരിക്കും.

ബാക്കി അഖിലേന്ത്യ ക്വോട്ടയിലും വിവിധ നോമിനി ക്വോട്ടയിലുമാണ് നികത്തുക. സർക്കാർ കോളജുകളിൽ പട്ടികജാതി, വർഗ വകുപ്പിനു കീഴിലെ പാലക്കാട് കോളജിലെ 100ൽ 70 പട്ടികജാതി വിഭാഗത്തിനും രണ്ടു സീറ്റ് പട്ടിക വർഗ വിഭാഗത്തിനുമാണ്. 13 സ്റ്റേറ്റ് മെറിറ്റിൽ. 15 അഖിലേന്ത്യ ക്വോട്ട. കൊല്ലം പാരിപ്പള്ളിയിൽ 110 ൽ 39 ഇ.എസ്.ഐ ക്വോട്ടയിലാണ്.

വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലെ ആകെ സീറ്റ്, സ്റ്റേറ്റ് ക്വോട്ട സീറ്റ് :

തിരുവനന്തപുരം 250, 208

കൊല്ലം പാരിപ്പള്ളി 110, 55

ആലപ്പുഴ 175, 144

കോട്ടയം 175, 145

എറണാകുളം 110, 93

തൃശൂർ 175, 144

മഞ്ചേരി 110, 94

കോഴിക്കോട് 250, 206

കണ്ണൂർ 100, 85

ഇടുക്കി 100, 85

കോന്നി 100, 85

പാലക്കാട് 100, 85

മാനേജ്മെൻറുകൾക്ക് അലോട്ട്മെൻറ് അധികാരമില്ല
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും അലോട്ട്മെൻറ് നടത്തുന്നത് പ്രവേശന പരീക്ഷ കമ്മീഷണറാണ്.

എൻ.ആർ.ഐ ക്വോട്ട ഉൾപ്പെടെ പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തുന്ന വിദ്യാർഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. കേരളത്തിൽ മെഡിക്കൽ, ഡെൻറൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്നവരുണ്ടെങ്കിൽ തട്ടിപ്പാണെന്ന് രക്ഷാകർത്താക്കളും വിദ്യാർഥികളും കരുതിയിരിക്കണം.

Advertisement