സ്വർണക്കടത്ത്: 5 യാത്രക്കാർ അറസ്റ്റിൽ

Advertisement

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) നടത്തിയ തിരച്ചിലിൽ വിമാനത്തിൽനിന്ന് ഏഴു കിലോ സ്വർണം പിടികൂടിയ സംഭവത്തിൽ അഞ്ച് യാത്രക്കാർ അറസ്റ്റിൽ. ദുബായ് – കൊച്ചി– ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ കടത്തുകയായിരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

ദുബായിൽനിന്നുള്ള സ്വർണം ആഭ്യന്തര സർവീസ് വഴി കടത്താനുള്ള ശ്രമമാണ് ഡിആർഐ പൊളിച്ചത്. ദുബായിൽനിന്നു സ്വർണം എത്തിച്ച രണ്ടു പേരും ‍ഡൽഹിയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നു പേരുമാണ് അറസ്റ്റിലായത്. സ്വർണം ഡൽഹിയിലെ ആഭ്യന്തര ടെർമിനലിലൂടെ പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യം.

ദുബായിൽനിന്ന് സ്വർണവുമായി കയറുന്നവർ വിമാനത്തിലെ സീറ്റിനടിയിൽ സ്വർണം ഒളിപ്പിക്കും. കൊച്ചിയിൽനിന്ന് ആഭ്യന്തര യാത്രക്കാരായി കയറുന്ന സ്വർണക്കടത്ത് സംഘാംഗങ്ങൾ ഈ സ്വർണം എടുത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിക്കും. ഇതാണ് രീതി. പിടിച്ചെടുത്ത സ്വർണത്തിന് മൂന്നരക്കോടിയിലധികം രൂപ വില വരും.

Advertisement