പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

Advertisement

പാലക്കാട്: പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻ.ഐ.എ സംഘം റൗഫിനെ പിടികൂടിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം റൗഫ് ഒളിവിലായിരുന്നു.

വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം എൻ.ഐ.എ സംഘം റൗഫിൻറെ വീട് വളഞ്ഞാണ് പിടികൂടിയത്. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്ന ആദ്യ ദിവസം റൗഫിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. എന്നാൽ അന്ന് റൗഫ് വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് ഒളിവിൽ പോയ റൗഫിനായി എൻ.ഐ.എ സംഘം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഇന്നലെ വീട്ടിൽ എത്തി എന്നറിഞ്ഞ ഉടൻ തന്നെ പട്ടാമ്പി പൊലീസിന്റെ സഹായത്തോടുകൂടി എൻ.ഐ.എ സംഘം പിടികൂടുകയായിരുന്നു. നിലവിൽ പി.എഫ്.ഐയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം ജയിലിലാണ്. റൗഫ് മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്.