സർവീസിനൊരുങ്ങി ‘നളന്ദ’ ആൻഡമാനിൽ

Advertisement

കൊച്ചി: ആൻഡമാൻ നിക്കോബാർ ദ്വീപ് അധികൃതർക്കായി കൊച്ചി കപ്പൽശാല നിർമിച്ച യാത്രാക്കപ്പലായ ‘നളന്ദ’ സർവീസിന് തയ്യാറായി.

പോർട്ട് ബ്ലയർ തുറമുഖത്തുനടന്ന ചടങ്ങിൽ ആൻഡമാൻ നിക്കോബാർ ലഫ്. ഗവർണർ ഡി കെ ജോഷി കപ്പൽ ആൻഡമാൻ നിക്കോബാർ ഷിപ്പിങ് സർവീസ് ഡയറക്ടറേറ്റിന്റെ കപ്പൽ ശ്രേണിയിലേക്ക് കൂട്ടിച്ചേർത്തു. കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായർ, ആൻഡമാൻ നിക്കോബാർ ചീഫ് സെക്രട്ടറി നന്ദിനി പലിവാൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അഞ്ഞൂറ് യാത്രക്കാരെയും 150 മെട്രിക് ടൺ ചരക്കും വഹിക്കാൻ ശേഷിയുള്ള നളന്ദ, ആൻഡമാൻ നിക്കോബാർ അധികൃതർക്കായി കൊച്ചി കപ്പൽശാല നിർമിച്ച രണ്ടാമത്തെ കപ്പലാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കിടയിലാകും കപ്പൽ സർവീസ് നടത്തുക. ആധുനിക കഫറ്റേരിയ, വിനോദത്തിന് പ്രത്യേകമുറി, ജിംനേഷ്യം, ലൈബ്രറി സൗകര്യങ്ങളും കപ്പലിലുണ്ട്. നാല് കപ്പൽ നിർമിക്കാനാണ് കപ്പൽശാലയ്ക്ക് കരാർ ലഭിച്ചിരിക്കുന്നത്. 1200 യാത്രക്കാരെയും 100 ടൺ ചരക്കും വഹിക്കാനാകുന്ന രണ്ട് കപ്പലുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് കപ്പൽശാല അധികൃതർ അറിയിച്ചു.