“അയാം ബാക്ക്!” ബലാത്സംഗക്കേസിൽ അകത്തായ ടിക്ക്‌ടോക്ക് താരം വിനീത് മറുപടി റീൽസുമായി രംഗത്ത്

Advertisement

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന ടിക്ക്‌ടോക്ക് താരം വിനീത് തന്റെ തിരിച്ചുവരവ് ആഘോഷിച്ച്‌ വീണ്ടും സോഷ്യൽമീഡിയയിൽ.

ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ ‘കം ബാക്ക്’ വീഡിയോയുമായി എത്തിയത്.

വിനീത് ഇതിന് മുമ്പ് ചെയ്ത വീഡിയോ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെക്കുകയായിരുന്നു. ബെൻസ് കാറിൽ നിന്നിറങ്ങുന്നതും സിഗരറ്റ് വലിച്ച്‌ നിൽക്കുന്നതുമാണ് ‘കം ബാക്ക്’ വീഡിയോയിലുള്ളത്. “ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്റെ ട്രോൾന്മാർക്ക്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇയാൾ പങ്കുവെച്ചിരിക്കുന്നത്. “അകത്തോട്ട് കയറ്റിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോ അല്ലേ” എന്നും അടിക്കുറിപ്പിൽ പറയുന്നുണ്ട്. താൻ ജയിലിൽ പോകാൻ കാരണമായവർക്കും അത് ആഘോഷിച്ചവർക്കുമുള്ള മറുപടിയെന്ന രീതിയിലാണ് വിനീത് തന്റെ പഴയ റീൽസ് പങ്കുവെച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിനീതിനെ പോലീസ് പിടികൂടിയത്. കോളേജ് വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ വെച്ച്‌ പീഡിപ്പിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ മോഷണക്കേസ് ഉൾപ്പെടെ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഇയാൾ ജാമ്യത്തിൽ കഴിയുകയാണ്.