തിരുവനന്തപുരം. മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ അതിക്രമം. സംഭവം നടന്നു രണ്ടു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാൻ ആകാതെ പോലീസ്. ബുധനാഴ്ച പുലർച്ചെ ആയിരുന്നു യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്
മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറും ഉദ്യോഗസ്ഥരും ഉൾപ്പെടെ വി ഐ പികൾ കടന്നു പോകുന്ന അതീവ സുരക്ഷാ മേഖല. സദാ സമയം പോലീസിന്റെ നിരീക്ഷണമുള്ള പ്രദേശം. നിരവധി സ്ത്രീകൾ പ്രഭാത – സായാഹ്ന സവാരിക്ക് എത്തുന്ന ഇടം. അങ്ങനെ ഒരിടത്തു വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ നാലേമുക്കാലിന് പതിവ് പോലെ പ്രഭാത സവാരിക്ക് എത്തിയതായിരുന്നു യുവതി. പൊടുന്നനെയാണ് എതിരെ വന്നൊരാൾ യുവതിയെ കടന്നു പിടിച്ചത്
ഉടൻ മ്യൂസിയം പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് കൈമാറിയെങ്കിലും പ്രതിയെക്കുറിച്ചോ ഇയാൾ എത്തിയ വാഹനത്തെക്കുറിച്ചോ ഒരു സൂചനയും പോലീസിനില്ല.