നീലക്കുറിഞ്ഞി വസന്തം, ഈ വിവരം വ്യസനസമേതം ഏവരേയും അറിയിക്കുന്നു

Advertisement

ഇടുക്കി. ആസ്വാദകരെ ഇളക്കി മറിച്ച നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു. ഒരു മാസം നീണ്ടുനിന്ന കുറിഞ്ഞി വസന്തം ആസ്വദിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ശാന്തൻപാറ കള്ളിപ്പാറയിലേക്ക് എത്തിയത്. കുറിഞ്ഞിപ്പൂക്കൾ വാടിയതറിയാതെ കള്ളിപ്പാറയിലേക്ക് ഇപ്പോഴും എത്തുന്നത് നൂറുകണക്കിന് ആളുകളാണ്.


ഒക്ടോബർ ആദ്യം മുതലാണ് കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തത്. ഏഴാം തീയതി മുതൽ സന്ദർശകരും മല കയറി തുടങ്ങി. 22 ദിവസം കൊണ്ട് 15 ലക്ഷം ആളുകൾ എത്തിയെന്നാണ് ഏകദേശം കണക്ക്. ശാന്തൻപാറ പഞ്ചായത്ത്, പ്രവേശന ഫീസ് ഏർപ്പെടുത്തിയതിന് ശേഷം 12 ലക്ഷം രൂപ വരുമാനം ലഭിച്ചു. നിലവിൽ കള്ളിപ്പാറയിൽ കുറിഞ്ഞിപ്പൂക്കൾ കരിഞ്ഞുണങ്ങിയിട്ടുണ്ട്. അപൂർവ്വം പൂക്കൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതറിയാതെ നൂറുകണക്കിന് ആളുകളാണ് പ്രതീക്ഷയോടെ ഇപ്പോഴും കള്ളിപ്പാറയിലേക്ക് എത്തുന്നത്.

നിലവിലുള്ള പൂക്കള്‍ രണ്ടോ മൂന്നോ ദിവസ്സം കൂടി ഉണ്ടാകും. കഴിഞ്ഞ നാല് വര്‍ഷമായി ശാന്തൻപാറ പഞ്ചായത്തിന്‍റെ വിവിധ മലനിരകളില്‍ മുടങ്ങാതെ നീലകുറിഞ്ഞികള്‍ പൂവിടുന്നുണ്ട്. അതുകൊണ്ട് തന്നെ വരും വര്‍ഷത്തിലും ഏതെങ്കിലുമൊരു മലനിരയില്‍ നീലക്കുറിഞ്ഞി വസന്തമുണ്ടാകുമെന്ന പ്രതീക്ഷയാണ് നിരാശരായി മടങ്ങുന്നവർക്കുള്ളത്.

Advertisement