തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന ജിപിഎഫ് ഉൾപ്പെടെയുള്ള പ്രൊവിഡന്റ് ഫണ്ടുകളുടെ പലിശനിരക്ക് പുതുക്കി. പുതുക്കിയ പലിശ നിരക്ക് 7.1% ആണ്. സംസ്ഥാന സർക്കാർ ജീവനക്കാർ, സർക്കാർ സ്കൂൾ അധ്യാപകർ, സ്വകാര്യ സ്കൂൾ അധ്യാപകർ തുടങ്ങിയവരുടെ പ്രോവിഡൻറ് ഫണ്ട് നിക്ഷേപങ്ങൾക്ക് ഈ നിരക്ക് ബാധകമായിരിക്കും.
കേന്ദ്ര നിരക്ക് തന്നെ
കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പലിശ നിരക്കാണ് സംസ്ഥാന സർക്കാരും സ്വീകരിക്കാറുള്ളത്. കേന്ദ്ര സർവീസിലുള്ള ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് 7.1% മായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആർക്കെല്ലാം ബാധകം ?
സംസ്ഥാന സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന താഴെ പറയുന്ന പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കാണ് പുതിയ പലിശ നിരക്ക് ബാധകമായിട്ടുള്ളത്.
- കേരള സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട്.
- കേരള എയ്ഡഡ് സ്കൂൾ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട്.
- കേരള എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.
- കേരള എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.
- എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (വൈദ്യരത്നം ആയുർവേദ കോളേജ്)
- എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (കേരള സംസ്ഥാന ആയുർവേദ പഠന ഗവേഷണ സൊസൈറ്റി )
- കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.
- കേരള പാർട്ട് ടൈം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.