മലയാളിക്ക് രുചിയുടെ മറുവാക്കാണ് പാചകവിദഗ്ദ്ധന്‍ സുരേഷ് പിള്ള എന്ന ഷെഫ് പിള്ള. രുചിയിടങ്ങളില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലെയും താരമാണ് ഷെഫ് പിള്ള. ഇദ്ദേഹത്തിന്റെ പാചക കുറിപ്പുകള്‍ക്കൊപ്പം അനുഭവകുറിപ്പുകളും ആസ്വാദര്‍ക്ക് പ്രിയമാണ്.
ഇപ്പോഴിതാ കഥപറയുമ്‌പോള്‍ സിനിമയില്‍ ശ്രീനിവാസനെ മമ്മൂട്ടി കണ്ടപോലെ ഒരു കഥ, 20 വര്‍ഷം മുമ്ബ് പിരിഞ്ഞ സുഹൃത്തിനെ കണ്ടെത്തി, സ്വന്തം റെസ്റ്റോറന്റില്‍ ജോലി നല്‍കിയ അത്യപൂര്‍വ്വവും ഹൃദയസ്പര്‍ശിയുമായ കഥയാണ് ഷെഫ് പിള്ള പങ്കുവെച്ചത്. 20 വര്‍ഷം മുമ്ബ് കോഴിക്കോട് കാസിനോയില്‍ ഒപ്പം ജോലി ചെയ്തിരുന്ന കെ കെ സുരേഷ് എന്ന സുഹൃത്തിനെയാണ് അപ്രതീക്ഷിതമായി ഷെഫ് പിള്ളയ്ക്ക് തിരികെ ലഭിച്ചത്. മല്‍സ്യബന്ധന തൊഴിലാളിയായി ജീവിച്ചുവരികയായിരുന്ന കെ കെ സുരേഷിന് സ്വന്തം റെസ്റ്റോറന്റിന്റെ ചുമതല നല്‍കിയാണ് ഷെഫ് തന്റെ സ്‌നേഹം ആസ്വാദ്യമാക്കിയത്
ഷെഫ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
തിരിച്ചു കിട്ടില്ലെന്ന് കരുതിയ ആദ്യ കാല സഹപ്രവര്‍ത്തകരെ വളരെയധികം തിരഞ്ഞ് ഏറെ ഇഷ്ടത്തോടെ കണ്ടെത്തുന്ന ആ നിമിഷമുണ്ടല്ലോ, അത് ‘കഥ പറയുമ്‌ബോള്‍’ എന്ന ശ്രീനിവാസന്‍ സിനിമയിലെ ക്ലൈമാസ്‌ക് പോലെ ഹൃദയാര്‍ദ്രമാണ്. ആനന്ദവും സങ്കടവും ഒരു തുള്ളിയായി കണ്‍കോണിലൂടെ പൊഴിയും. ഇതാ നഷ്ടപ്പെട്ടെന്നു കരുതിയത് ആഴക്കടലില്‍ നിന്നു മുങ്ങിയെടുത്ത പോലെ മറ്റൊരു അനുഭവം. അതും ഞാന്‍ പാസ്‌പോര്‍ട്ട് പുതുക്കാനായി സെപ്തംബറില്‍ ലണ്ടനില്‍ പോയപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ഒരു വീഡിയോയെ തുടര്‍ന്ന്. രുപേഷിനെ കാണുന്നതിനു വളരെ മുന്നേ എന്റെ കൂടെ ജോലി ചെയ്തയാളാണ് കെ.കെ.സുരേഷ് എന്ന കൊടുങ്ങല്ലൂരുകാരന്‍. കോഴിക്കോട് കാസിനോ കാലത്തെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്‍. അനിയത്തി പ്രാവ് സിനിമയിലെ കുഞ്ചോക്കോ ബോബന്റെ ഗ്ലാമറുണ്ടായിരുന്ന സൗമ്യന്‍, സുമുഖന്‍. ഒരേ പേരുകാരായതു കൊണ്ട് അവനെ ‘കെ.കെ’ എന്നും എന്നെ ‘എസ്’ എന്നുമാണ് വിളിച്ചിരുന്നത്.
കൗമാരത്തിന്റെ അവസാന ലാപ്പിലോടുന്ന ഞങ്ങള്‍ എല്ലാ ചുറുചുറുക്കോടെയും ആവേശത്തോടെയും ചാടിച്ചാടി പണിയെടുക്കുന്ന കാലം. കെ.കെയുമായി വലിയ അത്മ ബന്ധമായി, ഓഫ് ദിനത്തില്‍ സിനിമയ്ക്ക് പോകും. കാസിനോയില്‍ ലഞ്ചിനും ബുഫൈയ്ക്കും വിളമ്ബാന്‍ രണ്ട് വിഭാഗമുണ്ട്. മിക്കവാറും ഞങ്ങള്‍ ഒരു ടീമിലാകും. കെ.കെ. സീനിയര്‍ ആയിരുന്നു, പിന്നീട് ഞങ്ങള്‍ തുല്യരായി. കസിനോ പൂട്ടിയതോടെ കോഴിക്കോട്ടു നിന്നു കോയമ്ബത്തൂരേക്ക് ഭാഗ്യാന്വേഷകരായി പോയതും ഒരേ വണ്ടിക്ക്. പിന്നീട് ബാംഗ്ലൂര്‍ പോയപ്പോള്‍ അവിടേക്കും അവനെത്തി. ഞങ്ങള്‍ ഒരുമിച്ചായിരുന്നു താമസവും.
അക്കാലത്ത് അവന്റെ വിവാഹം, ഞങ്ങളൊക്കെ കൊടുങ്ങല്ലൂരില്‍ വിവാഹത്തിന് പോയിരുന്നു. ഭാര്യയെയും കൂട്ടി അവന്‍ ബാംഗ്ലൂര്‍ വന്നു. ആദ്യ കുഞ്ഞ് പിറന്നതോടെ അവന്‍ പതിയെ നാട്ടിലേക്ക് സെറ്റില്‍ ചെയ്തു. ഇതിനിടെ അച്ഛന്റെ മരണവുമെല്ലാമായതോടെ കടലില്‍ പോയി മീന്‍ പിടിക്കലേക്ക് അവന്‍ ഒതുങ്ങി. ഇടയ്ക്ക് ഗള്‍ഫിലെവിടെയൊ ജോലിയാണന്ന് മാത്രമറിയാം. അതിനു ശേഷം യാതൊരു ബന്ധവുമില്ല. അവനെ ഞാന്‍ ഫേസ്ബുക്കില്‍ നിരന്തരം തിരയുന്നുണ്ടായിരുന്നു. ഞാന്‍ ഷെഫ് ആയതോ, ലണ്ടനില്‍ പോയ ശേഷം ‘ഷെഫ് പിള്ള’ എന്ന സര്‍ നെയിം വീണതോ ഒന്നും അവന്‍ അറിയുന്നുണ്ടായിരുന്നില്ല. കാരണം പിരിയും വരെ ഞങ്ങള്‍ ഇരുവരും വെയ്റ്റര്‍ന്മാരായിരുന്നല്ലോ ! ഞാന്‍ എസ്. സുരേഷ് മാത്രമായിരുന്നല്ലോ !
ഇത്രയും ഫ്‌ലാഷ് ബാക് ! ഇനി കഥയിലേക്ക് വരാം.
എന്റെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കാനായി കഴിഞ്ഞമാസം ഞാന്‍ ലണ്ടനിലായിരുന്നു. പത്ത് വര്‍ഷം കഴിയുമ്‌ബോള്‍ പുതുക്കേണ്ടാതാണത്. അതിനായുള്ള കാത്തിരിപ്പിനിടയില്‍ ഈ സമയത്ത് ഫേസ്ബുക്കില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കണ്ട ശേഷം കമന്റായി ഒരാള്‍ ഒരു ഫോട്ടോ അയച്ചിട്ട് ചോദിച്ചു, ‘ഇയാളെ അറിയുമോ നേരത്തെ നിങ്ങളുടെ കൂടെ കോഴിക്കോട് കസിനോയില്‍ ജോലി ചെയ്തയാളാണ്’ ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ കടലില്‍ മീന്‍ പിടിക്കുകയാണ് എന്നും പറഞ്ഞു.
നാളുകളായി തിരഞ്ഞിരുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍ കെ. കെ. സുരേഷും ഞാനുമൊത്തുള്ള പഴയൊരു നിറം മങ്ങിതുടങ്ങിയ ഫോട്ടോ അയച്ചിട്ടാണ് അവന്റെ നാട്ടുകാരന്റെ ചോദ്യം. അതിശയിച്ചു പോയി ഞാന്‍, സമൂഹ മാധ്യമങ്ങള്‍ നല്‍കുന്ന ഓരോ വിസ്മയങ്ങള്‍. ഉടനെ അവന്റെ നമ്ബര്‍ ഞാന്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ റിങിന് കെ.കെ. ഫോണെടുത്തതും വായില്‍ തോന്നിയ ചീത്തയെല്ലാം എത്രയോ കടലുകള്‍ക്കരെ, കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സ് ദൂരെ ലണ്ടനിലിരുന്ന് ഞാന്‍ വിളിച്ചു. അവന്റെ വയറ് നിറയുവോളം, എനിക്ക് തൃപ്തിയാകുവോളം. ചില നേരം അപ്രതീക്ഷിതമായി അത്മ മിത്രങ്ങളെ വയറു നിറയെ ചീത്ത വിളിക്കുമ്‌ബോള്‍ നമുക്ക് കിട്ടുന്ന ഒരു സംതൃപ്തിയുണ്ടല്ലോ, ഹോ.. അത് നന്നായി തന്നെ ഞാന്‍ ആസ്വദിച്ചു. എല്ലാം കേട്ട് മിണ്ടാതിരുന്നെങ്കിലും ഞാന്‍ വിളിച്ചത് സന്തോഷവും സങ്കടവും കൊണ്ട് അവനും സഹിക്കാനാവുന്നില്ല എന്നെനിക്ക് മനസിലായി. പിന്നെ കളിയും ചിരിയുമായി കുറെ നേരം. കൊടുങ്ങല്ലൂര്‍ മുനമ്ബം ഹാര്‍ബറില്‍ മീന്‍ പിടിക്കലും ഓഫ് സീസണില്‍ പുറം പണികളുമൊക്കെയാണ്, രണ്ട് പെണ്‍മക്കളാണ് എന്നൊക്കെയറിഞ്ഞു. മൂത്തയാള്‍ ബിഡിഎസിനു പഠിക്കുന്നു. അഭിമാനം തോന്നി അവനെയോര്‍ത്ത്.
20 വര്‍ഷം മുന്‍പ് പിരിഞ്ഞതിനു ശേഷം അവനെയും കുടുംബത്തെയും ഞാന്‍ കണ്ടിട്ട് കൂടിയില്ല. ലണ്ടനിലിരുന്നു തന്നെ ഇവര്‍ക്കായി ഞാന്‍ കൊച്ചി ആര്‍സിപിയില്‍ ടേബിള്‍ ബുക് ചെയ്തു നല്‍കി.
ഇതായിരുന്നു ആ സംഭവം!
കെ.കെയുടെ ഭാര്യ ഷീന നാട്ടിലൊരു ടിഷ്യൂ പേപ്പര്‍ കമ്ബനിയാലാണ് ജോലി ചെയ്യുന്നത്. അവിടുത്തെ മാനേജര്‍ സത്താര്‍ സിക്കന്ദര്‍ ഫോണില്‍ ഒരു പാചക വിഡിയോ പ്ലേ ചെയ്യുന്നത് കണ്ടപ്പോള്‍ ഇത് നമ്മുടെ സുരേഷല്ലേ എന്നു ഷീന കൗതുകത്തോടെ ചോദിച്ചു. എത് സുരേഷ് ? ഇത് ഷെഫ് പിള്ളയാണ് നിങ്ങളറിയുന്ന സുരേഷല്ല എന്നായി സത്താര്‍. അല്ല ഇത് എന്റെ സുരേഷേട്ടന്റെ കൂട്ടുകാരനാണ് ആളുടെ പേരും സുരേഷ് എന്നു തന്നെയാണ് എന്നു ഷീനയും വിട്ടു കൊടുത്തില്ല. ഇവരുടെ തര്‍ക്കം മുറുകുന്നത് കണ്ട് ചുറ്റും കൂടി നിന്നവരിലൊക്കെ ചെറിയൊരു ചിരിപൊട്ടി. ഷെഫ് പിള്ളയാര് ഷീനയുടെ സുരേഷാര് എന്നായിരാക്കാം ചിരിച്ചവരും അല്ലാത്തവരും പറയാതെ പറഞ്ഞത്.
മറ്റ് ചിത്രങ്ങളും വീഡിയോയും കാണിച്ചെങ്കിലും ഇത് എന്റെ സ്വന്തം കെ.കെ. സുരേഷിന്റെ ചങ്ങാതി എസ്.സുരേഷാണന്ന് ഷീന ഉറപ്പിച്ചു. അവര്‍ ‘കെ.കെ’യും ‘എസും’ ആയിരുന്നു ജോലിക്കാലത്ത് എന്നുമൊക്കെ ആണയിട്ടു പറഞ്ഞു. എന്നിട്ടും സത്താറിനോ മറ്റ് സഹപ്രവര്‍ത്തകര്‍ക്കോ അത് അത്ര വിശ്വാസമായില്ല. അന്നു വൈകിട്ട് വീട്ടിലെത്തി ഷീന ഫോണിലെ വിഡിയോകളുടെ എല്ലാം കെട്ടു പൊട്ടിച്ചു. ഒന്നിനു പിന്നാലെ ഒന്നായി അത് പുലര്‍ച്ചെ മൂന്ന് മണി വരെ ഇരുന്ന് എന്റെ നൂറു കണക്കിന് വിഡിയോകള്‍ കണ്ട് അവന്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയതു പോലായി.
ആദ്യം തന്നെ കൊച്ചിയില്‍ റസ്റ്ററന്റില്‍ കുടുംബമൊത്ത് പോയി ഭക്ഷണം കഴിച്ചു വരുവാനാണ് ഞാന്‍ ഫോണില്‍ പറഞ്ഞത്. അവരുടെ ജീവിതത്തിലെ ആദ്യ പഞ്ചനക്ഷത്ര അനുഭവമായിരുന്നു അത്.. അന്നത്തെ അത്താഴത്തിന് ശേഷം അവന്റെ മകള്‍ എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചത് ഹൃദയം നിറക്കുന്ന പുഞ്ചിരിയോടെ ഞാന്‍ കേട്ടിരുന്നു..!
അതിന് ശേഷം അവനോട് ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചു വരണം എന്നാവശ്യപ്പെട്ടു. തൃശൂരില്‍ റസ്റ്ററന്റ് വരുന്നുണ്ട് അവിടെ എനിക്കൊപ്പം ജോലി ചെയ്തു കൂടെ എന്നു ചോദിച്ചു.
‘അളിയാ എന്റെ ഏറ്റവും വലിയ സ്വപ്നമാണ് നിന്റെ കൂടെ ജോലി ചെയ്യണമെന്നത്. പക്ഷേ, ഇല്ലെടാ ഇത്രയും വര്‍ഷമായില്ലേ. ടച്ച് ഒക്കെ പോയി, മീന്‍ പിടുത്തമാണിപ്പോഴത്തെ പരിപാടി. ഗള്‍ഫിലെയും കടലിലെയും വെയില്‍ കൊണ്ട് നിറമെല്ലാം പോയി ” എന്നൊക്കെ പറഞ്ഞവന്‍ ഒഴിയാന്‍ നോക്കി.
ഏതായാലും ഒരുമാസം കൊച്ചിയില്‍ വന്ന് സര്‍വീസില്‍ ജോലി ചെയ്ത് നോക്കൂ , എന്നിട്ട് നീ അന്തിമ തീരുമാനം എടുക്കൂ എന്നു ഞാന്‍ പറഞ്ഞു. ഒക്ടോബര്‍ 1ന് കെ.കെ ആര്‍സിപിയുടെ ഭാഗമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ”ബെസ്റ്റ് സര്‍വീസ് by സുരേഷ് ” എന്നൊക്കെ അവന്റെ പേരില്‍ തന്നെ RCP Kochi യുടെ ഗൂഗില്‍ പേജില്‍ ഒരുപാട് നല്ല റിവ്യൂകളൊക്കെ വന്നു.
അവനെപ്പോലൊരാള്‍ എത് റസ്റ്ററന്റിനും മുതല്‍ക്കൂട്ടാണ് എന്നെനിക്കുറപ്പായിരുന്നു, അതിലെന്റെ സ്വാര്‍ത്ഥതയുമുണ്ട്. നിറത്തിലോ ലുക്കിലോ അല്ലല്ലോ കാര്യം, കൂടെയുള്ളവരുടെ സ്‌കില്‍ മനസിലാക്കലാണ് ഒരു ലീഡറുടെ ഏറ്റവും വലിയ മികവ്. ഞാനൊരു ടീം ലീഡര്‍ ഒന്നും ആയില്ലെങ്കിലും ആദ്യ കാലം മുതല്‍ തന്നെ എനിക്കവന്റെ ആതിഥ്യമര്യാദയിലെ കഴിവും അഭിരുചിയും അടുത്തറിയാമായിരുന്നു, പരിപൂര്‍ണ്ണ വിശ്വസമുമായിരുന്നു.
സുരേഷ് ഗോപി ചേട്ടന്‍ പറഞ്ഞപോലെ ‘ തൃശൂരിലെ റെസ്റ്റോറന്റ് ഇവനങ് കൊടുക്കുകയാണ്’
കോട്ടും സ്യുട്ടും വിസിറ്റിങ് കാര്‍ഡും തയ്യാറാക്കി വെച്ചിട്ടുണ്ട്… മുനമ്ബത്തെ കടലില്‍നിന്ന് ഫ്രഷ് മീന്‍ പിടിച്ചവന്‍ ഇനി നല്ല മീന്‍ തിരഞ്ഞെടുത്ത് ഞങ്ങളുടെ അഥിതികള്‍ക്കായി വിളമ്ബും KK Suresh, Restaurant Manager, United Coconut, Soba City ഡിസംബറില്‍ മനോരമ ബുക്‌സ് പുറത്തിറക്കുന്ന എന്റെ ആത്മകഥ ‘രുചി നിര്‍വാണ’യില്‍ കൂടുതല്‍ വായിക്കാം…!