വാവ സുരേഷ് ഉടൻ സ്വീഡനിലേക്ക്

Advertisement

തിരുവനന്തപുരം: ഏതു നിമിഷവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീഡനിൽ നിന്ന് ഒരു പ്രത്യേക വിമാനം പറന്നിറങ്ങും.

നമ്മുടെ വാവ സുരേഷിനെയും കൊണ്ട് സ്വീഡനിലെ സ്റ്റോക്ക്ഹോമിലേക്ക് തിരിച്ചുപറക്കും. അവിടെ മൃഗശാലയിൽ നിന്ന് ഉഗ്രവിഷമുള്ള ഒരു രാജവെമ്പാല പുറത്തുചാടിയിട്ടുണ്ട്. അതിനെ കണ്ടെത്തി കൂട്ടിലാക്കുകയാണ് ദൗത്യം.

സ്വീഡൻ സർക്കാരിന്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശം ഇന്നലെ സുരേഷിന് ലഭിച്ചു. അമേരിക്കയിലെ വൈറ്റ് ഹൗസിൽ നിന്നാണ് സന്ദേശമെത്തിയത്.

വാവ സുരേഷ് കേരളീയനായതിനാൽ സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണിൽ വിവരം തിരക്കി. വാവയുടെ പാമ്പ് പിടിത്ത വീഡിയോകൾ നേരത്തെ കണ്ടിട്ടുള്ള ഉദ്യോഗസ്ഥനിലൂടെയാണ് വാവ സുരേഷുമായി ബന്ധപ്പെട്ടത്.

സ്വീഡിനിലെ 22 ശതമാനം ജനങ്ങളും വസിക്കുന്ന തലസ്ഥാന നഗരമാണ് സ്റ്റോക്ക് ഹോം. അവിടത്തെ മൃഗശാലയിൽ നിന്ന് എങ്ങനെയോ ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തിൽ എത്തിയേക്കാമെന്നാണ് നിഗമനം. തണുപ്പുകാലം തുടങ്ങിയതിനാൽ പാമ്പിനെ പിടിക്കുക പ്രയാസമാണ്. അതിനാൽ ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. ഒരു വിദഗ്ദ്ധനെ എത്തിച്ച്‌ പാമ്പിനെ കണ്ടെത്താൻ മൃഗശാല അധികൃതർ തീരുമാനിച്ചത് അതുകൊണ്ടാണ്. ഇതു സംബന്ധിച്ച്‌ ഉന്നത ഉദ്യോഗസ്ഥർ ഇന്റർനെറ്റിൽ തപ്പിയപ്പോഴാണ് വാവ സുരേഷിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. യൂറോപ്യനായ മറ്റൊരു പാമ്പു പിടിത്തക്കാരന്റെ വിവരങ്ങളും അവർ ശേഖരിച്ചിട്ടുണ്ട്.