പൊലീസ് സ്റ്റേഷനിലെ ആത്മഹത്യാ ശ്രമം; ഗ്രീഷ്മയ്‌ക്കെതിരെ വീണ്ടും കേസ്

Advertisement

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്കെതിരെ വീണ്ടും കേസ്. ആത്മഹത്യാ ശ്രമത്തിന് നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്.

ഇന്നലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ച ഗ്രീഷ്മയെ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണ്.

വിശദമായ ചോദ്യം ചെയ്യലിനായി ഗ്രീഷ്മയെ രാവിലെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച‌ത്. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞു. ശുചിമുറിയിൽ കയറി അണുനാശിനി കുടിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഗ്രീഷ്മയുടെ റിമാന്‍ഡ് നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തും. ഗ്രീഷ്മയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച തീരുമാനം ഇന്നുചേരുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ചിന്റെ തുടര്‍നടപടികള്‍.