തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ആന്ധ്രയിൽനിന്നു നേരിട്ട് അരി അടക്കമുള്ള ആറ് പലവ്യഞ്ജനങ്ങൾ എത്തിക്കും. ആന്ധപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി കെ.വി.നാഗേശ്വര റാവുവും ഉദ്യോഗസ്ഥ സംഘവും മന്ത്രി ജി.ആർ.അനിലുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം.
ക്രമാതീതമായി വില വർധിച്ച ജയ അരി, വറ്റൽ മുളക്, പിരിയൻ മുളക്, കടല, വൻപയർ, മല്ലി എന്നീ ഉത്‌പന്നങ്ങളാണ് എത്തിക്കുക. ഇവയിൽ സീസണിൽ സംഭരിക്കാവുന്ന ചില ഉത്‌പന്നങ്ങൾ ഡിസംബറോടെ കേരളത്തിൽ എത്തിക്കാൻ സാധിക്കുമെന്നാണു കരുതുന്നതെന്നു മന്ത്രി ജി.ആർ.അനിൽ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇത്തരം ഉത്‌പന്നങ്ങൾ ആന്ധ്രയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് ട്രാൻസ്പോർട്ടേഷൻ ചെലവ് മാത്രം ഉൾപ്പെടുത്തി പരമാവധി വില കുറച്ചു നൽകാമെന്നു മന്ത്രി കെ.വി.നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പ് നൽകിയതായും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. എന്നാൽ ആന്ധ്രയിൽനിന്നു ജയ അരി എത്താൻ അഞ്ചുമാസത്തോളം കാത്തിരിക്കേണ്ടി വരും. ആന്ധ്രയിൽനിന്നുള്ള ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ രണ്ട് സംസ്ഥാനങ്ങളുടെ നേതൃത്വത്തിലും നടപടിയുണ്ടാകും.
ആന്ധ്രയിൽ നെല്ല് സംഭരണം പൂർണമായും സർക്കാർ നിയന്ത്രണത്തിലായതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് കുറഞ്ഞതും വിപണിയിൽ വില കൂടാനിടയാക്കി. കിലോഗ്രാമിനു 38 രൂപ വിലയുണ്ടായിരുന്ന ജയ അരിക്ക് പൊതുവിപണിയിൽ 60 രൂപയിൽ കൂടുതലാണിപ്പോൾ വില. ആറു മാസം മുൻപ് 150 രൂപ വില ഉണ്ടായിരുന്ന വറ്റൽ മുളകിനു 300 രൂപയ്ക്കു മുകളിലാണു വില. ഈ സാഹചര്യത്തിൽ സപ്ലൈകോ വഴി കുറഞ്ഞ വിലയിൽ ഇവ വിതരണം ചെയ്യാനാണ് സംസ്ഥാന പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്.