പൊതുപരിപാടിയിൽ കൈക്കുഞ്ഞുമായി കളക്ടർ

Advertisement

പത്തനംതിട്ട: പൊതുപരിപാടിക്കിടെ കൈക്കുഞ്ഞുമായി വേദിയിലെത്തിയ പത്തനംതിട്ട കളക്ടർ ഡോ.ദിവ്യ എസ് അയ്യർക്ക് വിമർശനം. ആറാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലാണ് കളക്ടർ കുഞ്ഞുമായി എത്തിയത്. കളക്ടർ പരിപാടിയെ തമശയായി കണ്ടെന്നും അനുകരണീയമല്ലെന്നുമുള്ള വിമർശനങ്ങൾക്ക് കളക്ടറുടെ ഭർത്താവും യൂത്ത് കോൺഗ്രസ് നേതാവുമായ കെ എസ് ശബരീനാഥൻ രംഗത്തെത്തി.

ഗാനരചയിതാവ് രാജീവ് ആലുങ്കൽ, എംഎൽഎ ചിറ്റയം ഗോപകുമാർ തുടങ്ങി നിരവധി പേരാണ് കളക്ടർക്കെതിരെ വിമർശനം ഉന്നയിച്ചത്. ‘ഇത് അനുകരണീയമല്ല, കളക്ടർ തീരെ ഔചിത്യമില്ലാതെ ഒരു തമാശക്കളിയായാണ് ഈ പരിപാടിയെ കണ്ടത്. ഇതവരുടെ വീട്ടുപരിപാടിയല്ല. ഓവറാക്കി ചളമാക്കി’ എന്നായിരുന്നു രാജീവ് ആലുങ്കലിന്റെ ഫേസ്ബുക്ക് കമന്റ്. കുഞ്ഞുമായി വേദിയിൽ നിൽക്കുന്ന കളക്ടറുടെ വിഡിയോ പോസ്റ്റ് ചെയ്ത ചിറ്റയം ഗോപകുമാറിനും കെ എസ് ശബരീനാഥൻ മറുപടി നൽകി.

ആകെയുള്ള ഞായറാഴ്ച അവധി ദിനത്തിൽ ഔദ്യോഗിക സ്വഭാവമില്ലാത്ത പരിപാടിയിലാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്നും കുട്ടി അമ്മയുടെ പിറകെ പോയാൽ പറ്റില്ലെന്ന് പറയാനാകുമോ എന്നും ചിറ്റയം ഗോപകുമാറിന്റെ വിഡിയോയ്ക്ക് കമന്റായി ശബരീനാഥൻ ചോദിച്ചു.

‘വിഡിയോ പോസ്റ്റ് ചെയ്തതിന് നന്ദി. ആറുദിവസവും ജോലി ചെയ്ത് ആകെയുള്ള ഞായറാഴ്ച അവധി ദിനത്തിൽ ഔദ്യോഗിക സ്വഭാവം ഇല്ലാത്ത ഒരു പ്രോഗ്രാമിൽ ക്ഷണം സ്വീകരിച്ചുപോയപ്പോൾ കുഞ്ഞിനെ കൊണ്ടുപോകുന്നത് അരോചമല്ല കവി. പിന്നെ അവധി ദിവസം അവൻ അമ്മയുടെ പുറകെ നടന്നാൽ പറ്റില്ല എന്ന് പറയാൻ കഴിയുമോ? ഇവിടെ യുണൈറ്റഡ് നേഷനിലും വിദേശത്തെ ജനപ്രതിനിധി സഭകളിലും വനിതകൾ കൈക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നുണ്ട്. ലോകം മാറുകയാണ് നമ്മളും..’