കണ്ണൂർ: തലശേരി പാലയാട് ക്യാംപസിൽ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ, പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബിനെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐയുടെ പരാതിയിലാണ് കേസെടുത്തത്. നേരത്തേ അലൻ ഷുഹൈബിനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അദിൻ സുബിയെ മർദ്ദിച്ചെന്നാണ് പരാതി. രണ്ടാം വർഷ എൽഎൽബി വിദ്യാർഥി ബദറുദ്ദീനെതിരെയും പരാതിയുണ്ട്. അദിൻ സുബി തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നു രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗവും അലൻ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥി ഐക്യമുന്നണിയും തമ്മിലായിരുന്നു പ്രശ്നം. എസ്എഫ്ഐക്കാരായ എൽഎൽബി വിദ്യാർഥികളെ അലൻ ഷുഹൈബിന്റെ നേതൃത്വത്തിൽ റാഗ് ചെയ്തെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് അലനെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം, ഇത് വ്യാജപരാതിയാണെന്നും കഴിഞ്ഞ വർഷം എസ്എഫ്ഐക്കാർ റാഗ് ചെയ്തതിനെതിരെ പ്രതികരിച്ചതിൽ പക വീട്ടിയതാണെന്നുമാണ് അലന്റെ ഭാഷ്യം. കൂടുതൽ കേസുകളിൽപ്പെടുത്തി തന്റെ ജാമ്യം റദ്ദാക്കാനാണു ശ്രമമെന്നും അലൻ പറയുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ജയിലിൽ അടച്ച അലൻ ഇപ്പോൾ ജാമ്യത്തിലാണ്.