തിരുവനന്തപുരം: എഡ്യുടെക്ക് കമ്പനിയായ ബൈജൂസ്, അർജന്റീനൻ ഫുട്ബോൾ താരം ലിയോണൽ മെസിയുമായി കരാർ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡർ എന്ന നിലയിൽ ഇനി മെസി പ്രവർത്തിക്കും. ‘എല്ലാവർക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്പോൺസർമാരാണ് നിലവിൽ ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോർട്ടുകൾക്കിടെയാണ് ആഗോളതലത്തിൽ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളിൽ ഒരാളുമായി ബൈജൂസ് കൈകോർക്കുന്നത്. ഫുട്ബോൾ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.
ബൈജൂസ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ ദിവസം തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും സ്ഥലംമാറ്റമില്ലെന്നും വ്യക്തമാക്കി കമ്പനി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ബൈജുസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ മാറ്റാൻ തീരുമാനിച്ച 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ബൈജൂസ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ചില പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്പ്മെന്റ് സെന്ററിലെ ജീവനക്കാരോട് ബെംഗളൂരു ഓഫീസിലേക്ക് മാറാൻ നിർദ്ദേശിച്ചതെന്നാണ് ബൈജൂസിന്റെ വിശദീകരണം.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഡെവലപ്മെന്റ് സെന്റർ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാൻ കഴിയും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നം തന്റെ ശ്രദ്ധയിൽ വന്നതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു.