തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് വഴിയൊരുക്കി ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം ബുധനാഴ്ചയോടെ ന്യൂനമർദ്ദം രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.
കേരളാ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ ആൻഡമാൻ കടൽ വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. തെക്കൻ ആൻഡമാൻ കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.
ഇതിന്റെ ഫലമായി ഇന്നു മുതൽ നവംബർ ആറു വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയണ്ട്. തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.