കരുനാഗപ്പള്ളി ആലുംപീടികക്കാരുടെ അത്താണിയായി ഭക്ഷണ അലമാര

Advertisement

കൊല്ലം: ജില്ലയിലെ കരുനാഗപ്പള്ളി ആലുംപീടികയിൽ ആരും വിശന്നിരിക്കാറില്ല. ഈ പ്രദേശത്തോട് ചേർന്നുകിടക്കുന്ന സമീപ പഞ്ചായത്തുകളും ഇപ്പോൾ വിശപ്പ് രഹിത പഞ്ചായത്തുകളാണ്. ആലും പീടികയിലെ ഓട്ടോ ടാക്‌സി കൂട്ടായ്മയുടെ ഭക്ഷണ അലമാര ഒരു നാടിന്റെ അത്താണിയാവുകയാണ്.

ഒരുവർഷം മുൻപാണ് ആലും പീടികയിലെ ഓട്ടോ ടാക്‌സി കൂട്ടായ്മ വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കാൻ പദ്ധതിയിട്ടത്. എന്ത് ചെയ്യുമെന്ന ചിന്ത ഒടുവിൽ ഓട്ടോ സ്റ്റാൻഡിന് സമീപം ഭക്ഷണ അലമാര സ്ഥാപിക്കാമെന്ന തീരുമാനത്തിലെത്തി. ആ ചിന്തയ്‌ക്കൊപ്പം വ്യാപാരികളും നാട്ടുകാരും ആകെ ഒപ്പം കൂടി. ഇപ്പോൾ 300 ൽ അധികം ദിവസമായി ഈ ഭക്ഷണ അലമാര വിശക്കുന്ന വയറുകൾക്ക് ആശ്വാസമാണ്. ദേവികുളങ്ങര, ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ എന്നീ പഞ്ചായത്തുകളിൽ നിന്ന് ഇവിടേക്ക് ഭക്ഷണത്തിനായി ആളുകളെത്തും. ഉച്ച സമയത്ത് എല്ലാ ദിവസവും 50ലധികം പൊതിച്ചോറുകൾ ഈ ഭക്ഷണ അലമാരയിൽ ഉണ്ടാവും.

ഏതു സമയവും വെള്ളവും ഭക്ഷണവും ലഭിക്കും. ആർക്കും എടുക്കാം, കഴിക്കാം. അലമാര കാലിയായാൽ വ്യാപാരികളോ ഓട്ടോ ടാക്‌സി തൊഴിലാളികളോ ഉടൻ അത് നിറക്കും.

Advertisement