കുളിക്കടവിൽ ചീങ്കണ്ണി: ആശങ്കയിൽ നെയ്യാറ്റിൻകര

Advertisement

തിരുവനന്തപുരം: ചീങ്കണ്ണിപ്പേടിയിൽ നെയ്യാറ്റിൻകര. ചെങ്കൽ പഞ്ചായത്തിലെ കാഞ്ഞിരംമൂട്ട് കടവിൽ കുളിക്കാനിറങ്ങിയവർ ചീങ്കണ്ണിയെ കണ്ടതോടെയാണ് ആശങ്ക ഉയർന്നത്. പഞ്ചായത്തിൽ നെയ്യാർ കടന്ന് പോകുന്ന വ്ളാത്താങ്കര, നെച്ചിയൂർ, വ്ളാത്താങ്കര കിഴക്ക്, കീഴ്മാകം വാർഡുകളിലെ കടവുകളിൽ കുളിക്കുന്നതിനും വളർത്തു മൃഗങ്ങളെ കഴുകുന്നതിനും ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തി.

നെയ്യാർ ഡാമിന് സമീപത്ത് ഒരാഴ്ച മുൻപു ചീങ്കണ്ണിയെ കണ്ടിരുന്നു. എന്നാൽ കിലോമീറ്ററുകൾക്കിപ്പുറം കാഞ്ഞിരംമൂട്ട് കടവിൽ ഒന്നിൽ കൂടുതൽപേർ ചീങ്കണ്ണിയെ കണ്ടതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. കടവുകളിലേക്ക് ഇറങ്ങുന്ന സ്ഥലങ്ങളിൽ വലിയ കമ്പുകൾകൊണ്ട് വേലി തീർത്തിരിക്കുകയാണ്.

നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വാഹനങ്ങളിൽ മൈക്കിലൂടെയുളള മുന്നറിയിപ്പും നൽകുന്നുണ്ട്. റിസർവോയറിൽനിന്ന് ചീങ്കണ്ണി എത്താനുളള സാധ്യത വനം വകുപ്പ് തള്ളി. ഒഴുക്കിൽപെട്ട് വർഷങ്ങൾക്ക് മുൻപെത്തിയ ചീങ്കണ്ണികുഞ്ഞുങ്ങൾ വളർന്ന് വലുതാകാനുളള സാധ്യത പരിശോധിക്കുകയാണ്.

Advertisement