ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ലഘുലേഖാ പ്രചരണത്തിന് തുടക്കമിട്ട് എല്‍ഡിഎഫ്

Advertisement

തിരുവനന്തപുരം.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ലഘുലേഖാ പ്രചരണത്തിന് തുടക്കമിട്ട് എല്‍ഡിഎഫ്. ആര്‍എസ്എസ് അനുചരന്‍മാരെ സര്‍വകലാശാലകളില്‍ എത്തിക്കാനാണ് ഗവര്‍ണറുടെ നീക്കമെന്ന് ആരോപിക്കുന്ന ലഘുലേഖ വീടുകളില്‍ വിതരണം ചെയ്തു തുടങ്ങി. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നു നീക്കാന്‍ ഏതറ്റം വരേയും പോകാന്‍ എല്‍ഡിഎഫിനു തടസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് എല്‍ഡിഎഫിന്റെ ലഘുലേഖ. കേരളത്തിലെ സര്‍വകലാശാലകള്‍ ദേശീയ തലത്തിലുണ്ടാക്കിയ നേട്ടങ്ങള്‍ വിവരിച്ചാണ് തുടക്കം. സര്‍വകലാശാലകളുടെ തലപ്പത്ത് ആര്‍.എസ്.എസ് അനുചരന്‍മാരെ എത്തിക്കാനാണ് വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരായ ഗവര്‍ണറുടെ നീക്കമെന്ന് ലഘുലേഖ ആരോപിക്കുന്നു. ധനമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചത് ഭരണഘടനയെ സംബന്ധിച്ച അടിസ്ഥാനധാരണ പോലും ഇല്ലാത്തതുകൊണ്ടാണ്.

ആര്‍.എസ്.എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നീക്കങ്ങളെ ചെറുത്തു തോല്‍പിക്കണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നു. ഗവര്‍ണര്‍ സമനില തെറ്റിയതുപോലെ പെരുമാറുന്നുവെന്നായിരുന്നു എം.വി.ഗോവിന്ദന്റെ വിമര്‍ശനം. മാധ്യമങ്ങളോടുള്ള നിലപാട് സേച്ഛാധിപത്യമാണ്.

കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഗവര്‍ണര്‍ക്കെതിരായ ലഘുലേഖ പ്രചാരണം. 15ന് രാജ്ഭവനു മുന്നില്‍ ഒരു ലക്ഷം പേരെ അണിനിരത്തി നടത്തുന്ന ധർണയാണ് അടുത്തപടി.

Advertisement