ആലപ്പുഴ. ഒന്നു പോ സാറേ, ആക്ഷൻ ഹീറോ ബിജുവിലെ ഒറ്റച്ചിരിയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് മേരി. നാടന്‍ കഥാപാത്രത്തിന്‍റെ നിറഞ്ഞ നിഷ്കളങ്കതയോടെ അരങത്ത് വന്ന ഈ നടി സിനിമയല്ല ജീവിതമെന്ന ബോധ്യത്തില്‍ ഇന്ന് തെരുവിൽ ഭാഗ്യക്കുറി വിൽക്കുകയാണ്.
എരമല്ലൂർ സ്വദേശി മേരിയുടെ ജീവിതത്തിന് വഴി തെളിക്കാന്‍ ഇന്ന് സിനിമയുടെ വെള്ളിവെളിച്ചമില്ല.
മേരിയും ബേബി എന്ന കൂട്ടുകാരിയും അയല്‍വാസിയുടെ കുളിശല്യത്തെപ്പറ്റി പരാതി പറയാന്‍ നിവിന്‍പോളിയുടെ ബിജു എന്ന എസ്ഐക്ക് മുന്നിലെത്തുന്ന രംഗം അതിന്‍റെ സ്വാഭാവിക ഭംഗിയാലാണ് അവിസ്മരണീയമായത്. അതിനിടയാക്കിയതോ മുഖ്യ കഥാപാത്രങ്ങളായ ഈ കൂട്ടുകാരികളും
സിനിമയിലെ ഭാഗ്യം കൈവിട്ടത്തോടെയാണ് ജീവിക്കാൻ ഭാഗ്യകുറിയുമായി മേരി തെരുവിലേക്ക് ഇറങ്ങിയത്. സിനിമകളില്ലാത്തകോവിഡ് കാലവും ഇടക്കിടെ ട്രാക്ക് മാറുന്ന മലയാള സിനിമയും മേരിയേപ്പോലുള്ള ചെറുകിടക്കാരുടെ ജീവിതമാണ് വഴിയാധാരമാക്കിയത്. എന്നാല്‍ പോയകാലം സ്വപ്നം കണ്ട് തുടരാന്‍ മേരിക്ക് മനസില്ല. സിനിമക്കാരിയുടെ തിരക്കുണ്ടായിരുന്നപ്പോള്‍ വീടുവയ്ക്കാന്‍ എടുത്ത ലോണ്‍ അടച്ചു തീര്‍ക്കണം. രോഗാവസ്ഥയിലുള്ള മകന് തുണയാകണം. പ്രാരാബ്ധങ്ങള്‍ ഏറെയാണിവര്‍ക്ക്
അഭിനയ പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ല.സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് 35 സിനിമകളിൽ മേരിക്ക് തുണയായത്.
വീട്ടാൻ കടങ്ങൾ നിരവധിയുണ്ട്.അധ്വാനിക്കാനുള്ള മനസും. ഒപ്പം വീണ്ടും സിനിമയിൽ സജീവമാകാമെന്ന പ്രതീക്ഷയും.