സർവകലാശാലകൾക്ക് പല ചാൻസലർമാർ വരുന്നത് സർക്കാർ നടപടികൾക്ക് ഊർജം പകരും: മന്ത്രി ബിന്ദു

Advertisement

തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള സർക്കാർ നീക്കത്തെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. പൊതുസ്വഭാവമുള്ള സർവകലാശാലകൾക്ക് ഒറ്റ ചാൻസലറെ നിയമിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കാർഷിക, ഡിജിറ്റൽ സർവകലാശാലകൾക്ക് പ്രത്യേകം ചാൻസലർമാർ വരും. കേരള, കാലിക്കറ്റ്, കണ്ണൂർ എം.ജി, സംസ്കൃതം, മലയാളം സർവകലാശാലകൾക്ക് ഒരു ചാൻസലറായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ നീക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതിനായി ഓർഡിനൻസ് ഇറക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനാണ്. ഓർഡിനൻസിൽ ഒപ്പിടേണ്ട ഭരണഘടനബാധ്യത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിറവേറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.

ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി പകരം മന്ത്രിമാരെയോ വിദഗ്ധരെയോ നിയമിക്കാമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ബിൽ പാസാക്കുന്നതിന് ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചേക്കും.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്നതിൽ പ്രശ്നമില്ലെന്നാണ് സർക്കാരിന് ഭരണഘടനാ വിദഗ്ധരിൽനിന്ന് ലഭിച്ച നിയമോപദേശം. മുൻ അറ്റോർണി ജനറൽ ഉൾപ്പെടെയുള്ളവരാണ് സർക്കാരിനെ ഇക്കാര്യം അറിയിച്ചത്. ബംഗാളിൽ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കി പകരം മുഖ്യമന്ത്രിക്ക് ആ ചുമതല നൽകിയിരുന്നു. ബംഗാൾ നിയമസഭ ഇതുമായി ബന്ധപ്പെട്ട ബിൽ പാസാക്കിയ രീതിയിൽ ഇവിടെയും ഓർഡിനൻസ് അവതരിപ്പിക്കാനാണ് നീക്കം.

Advertisement