യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ അപകടത്തിൽ പെട്ട വിദ്യാർഥി മരണത്തിനു കീഴടങ്ങി

Advertisement

മങ്കട (മലപ്പുറം): ഇന്നലെ നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. തിരൂർക്കാട് നസ്റ കോളജ് വിദ്യാർഥിയും തടത്തിൽവളവ് കിണറ്റിങ്ങത്തൊടി ഹംസയുടെ മകനുമായ ഹസീബ് ആണ് മരിച്ചത്.

ഇന്നലെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകിട്ട് തിരൂർക്കാട് വച്ചായിരുന്നു അപകടം. തലയ്ക്ക് പരുക്കേറ്റ ഹസീബിനെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫ് പാനലിൽ മത്സരിച്ചാണ് ഹസീബ് വിജയിച്ചത്. കോളജിലെ ബിഎ ഇംഗ്ലിഷ് രണ്ടാം വർഷ വിദ്യാർഥിയാണ്. വൈറ്റ് ഗാർഡ് അംഗവുമാണ്. മാതാവ്: ഹബീബ. സഹോദരങ്ങൾ: ഹാഷിം, അർഷിദ.