തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദ കത്തിന്റെ പശ്ചാത്തലത്തിൽ താൽകാലിക നിയമനങ്ങളിൽ സുതാര്യത വേണമെന്ന് എൽ.ഡി.എഫ് യോഗത്തിൽ ആവശ്യമുയർന്നു. കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്നും സ്ഥിരം നിയമനങ്ങൾ പി.എസ്.സി വഴി ആക്കണമെന്നുമുള്ള ആവശ്യമാണ് യോഗത്തിൽ സി.പി.ഐ മുന്നോട്ട് വെച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഈ ആവശ്യം ഉന്നയിച്ചത്.
പി.എസ്.സിക്ക് വിട്ട നിയമനങ്ങൾ ആ വഴിക്ക് തന്നെയാണെന്ന് ഉറപ്പുവരുത്തണം. താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് മുഖേനയാക്കണമെന്നും കാനം ആവശ്യപ്പെട്ടു. അതേസമയം, കാനത്തിന്റെ ആവശ്യത്തോട് യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിയടക്കമുള്ളവർ പ്രതികരിച്ചിട്ടില്ല. നിർദേശം വികസന രേഖയുടെ ഭാഗമാക്കി ഉൾപ്പെടുത്താമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.ഡി ജയരാജൻ പറഞ്ഞു.