ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു രണ്ട്‌ മത്സ്യത്തൊഴിലാളികൾ മരിച്ച കേസ്,തൊഴിലാളികളുടെ പരാതി ഇന്ന് കോടതിയില്‍

Advertisement

ന്യൂഡെല്‍ഹി.ഇറ്റാലിയൻ എണ്ണക്കപ്പൽ എന്റിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട്‌ മത്സ്യത്തൊഴിലാളികൾ മരിച്ച കേസുമായ് ബന്ധപ്പെട്ട വിഷയം ദീർഘമഅയ ഇടവേളയ്ക്ക് ശേഷം ഇന്ന് സുപ്രിം കോടതി പരിഗണിയ്ക്കും. ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബഞ്ചാണ്കേസ് കേൾക്കുക.

ഇറ്റലി നല്കിയ നഷ്ടപരിഹാരതുകയിലെ ബോട്ടുടമയുടെ ഭാഗമായ രണ്ട് കോടിയിൽ നിന്ന് തങ്ങൾക്കും വിഹിതം കിട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ സമർപ്പിച്ച ഹർജ്ജിയാണ് കോടതി കേൾക്കുന്നത്. ഇറ്റലി സർക്കാർ 10 കോടി രൂപയാണ് നഷ്‌ടപരിഹാരം നല്കിയത്.മരിച്ച രണ്ട്‌ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക്‌ നാലു കോടി രൂപ വീതവും തകർന്ന സെന്റ്‌ ആന്റണി ബോട്ടിന്റെ ഉടമയ്‌ക്ക്‌ രണ്ടു കോടി രൂപയുമാണ്‌ നല്കിയത്.

ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ 2012 ഫെബ്രുവരി 15-നാണ്‌ എന്റിക്ക ലെക്‌സി കപ്പലിൽനിന്ന്‌ വെടിവയ്‌പുണ്ടായത്‌. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയൻ നാവികർ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോറെ എന്നിവരെ ഇന്ത്യയിൽ വിചാരണ ചെയ്യാൻ കഴിയില്ലെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്‌ടപരിഹാരത്തിന്‌ അർഹതയുണ്ടെന്നും 2020 മേയ്‌ 21-ന്‌ രാജ്യാന്തര ട്രിബ്യൂണൽ വിധിച്ചിരുന്നു‌. തുടർന്ന്‌ കേസ്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നഷ്‌ടപരിഹാരം നൽകാതെ കേസ്‌ അവസാനിപ്പിക്കാനാകില്ലെന്ന്‌ സുപ്രീം കോടതി ശക്‌തമായ നിലപാടെടുത്തു. അതോടെയാണു ബന്ധുക്കളുടെ സമ്മതപ്രകാരം നഷ്‌ടപരിഹാരത്തുക നിശ്‌ചയിച്ചതും അത്‌ കേന്ദ്രസർക്കാർ അംഗീകരിച്ചതും .

Advertisement