ചാൻസലറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ എത്തിയില്ല

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചിട്ടു രണ്ടു ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ അതു രാജ്ഭവനിൽ എത്തിയില്ല. ഓർഡിനൻസ് ഗവർണർക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ കേന്ദ്രങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചനകൾ.

തന്നെ ബാധിക്കുന്ന ഓർഡിനൻസ് ആയതിനാൽ ഇക്കാര്യത്തിൽ താൻ തീരുമാനമെടുക്കില്ലെന്നും രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. ഓർഡിനൻസ് രാഷ്ട്രപതി പരിഗണിക്കുമ്പോൾ അതിനു പകരമുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നു ചട്ടമുണ്ട്. ഓർഡിനൻസ് ഗവർണർക്ക് അയയ്ക്കാൻ എന്തുകൊണ്ടു വൈകുന്നുവെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ സർക്കാർ വൃത്തങ്ങൾ തയാറല്ല. . ഇന്നു രാവിലെ തിരുവല്ലയിലേക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകിട്ടു ഡൽഹിക്കു തിരിക്കും. 20നു മാത്രമേ മടങ്ങിയെത്തുകയുള്ളൂ. ഗവർണർ പോയ ശേഷം ഓർഡിനൻസ് രാജ്ഭവനിലേക്ക് അയയ്ക്കാനും സാധ്യതയുണ്ട്.

ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചു ചേർക്കുന്നതു ചർച്ച ചെയ്യും. നിയമസഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഈ ഓർഡിനൻസിനു പ്രസക്തിയില്ല. ഗവർണർക്ക് ‌ഓർഡിനൻസ് ലഭിച്ചാലും തീരുമാനമെടുക്കാതെ മാറ്റിവയ്ക്കേണ്ടി വരും. താൻ കേരളത്തിനു പുറത്താണെങ്കിലും നിയമസഭ വിളിച്ചു ചേർക്കുന്നതിനു മുൻപ് രാജ്ഭവനിൽ ഓർഡിനൻസ് ലഭിച്ചാൽ അത് ഇ ഫയൽ വഴി സ്വീകരിച്ച് നടപടി സ്വീകരിക്കാൻ ഗവർണർക്കു സാധിക്കും.

യുജിസി ചട്ടങ്ങളിൽ വൈസ് ചാൻസലർ നിയമനത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ടെങ്കിലും ചാൻസലർ നിയമനത്തെക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല. ഈ പഴുതുപയോഗിച്ച് സംസ്ഥാന സർക്കാരുകൾ ഗവർണറെ ഒഴിവാക്കാനാണു ശ്രമിക്കുന്നത്. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാരുമായി പ്രശ്നമുള്ളതിനാൽ ചാൻസലർ പദവിയുടെ കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ യുജിസി ചട്ടം ഭേദഗതി ചെയ്യാനും സാധ്യതയുണ്ട്. ഓർഡിനൻസും ബില്ലും ഗവർണർ തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്താൽ സുപ്രീംകോടതിയെ സമീപിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാർ നിയമോപദേശം തേടുന്നുണ്ട്.

Advertisement