സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.

കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച വിവിധ ജില്ലകളിൽ നൽകിയിരുന്ന മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പിൻവലിച്ചു.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് പുതുച്ചേരിയുടെ വടക്കൻ തീരത്തോട് ചേർന്ന് നിലനിന്നിരുന്ന ‘ശക്തി കൂടിയ ന്യൂനമർദ്ദം’ ദുർബലപ്പെട്ട് ന്യൂനമർദ്ദമായി തീർന്നു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യുനമർദ്ദം / ചക്രവാതചുഴിയായി ഇന്ന് പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോടു ചേർന്ന് നവംബർ 16 നു പുതിയ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisement