പാമ്പുകടിയേറ്റ യുവാവിന് പൊലീസുകാർ രക്ഷകരായി

Advertisement

തൊടുപുഴ: പാമ്പുകടിയേറ്റ യുവാവിന് പൊലീസ് രക്ഷകരായി. കഴിഞ്ഞ ദിവസം രാത്രി 12നു കരിങ്കുന്നം പൊലീസ് സ്റ്റേഷനിലാണ് സംഭവം.

സ്റ്റേഷനിലേക്ക് ഓടിക്കയറിവന്ന യുവാവിനെക്കണ്ട് പൊലീസുകാർ ആദ്യം അമ്പരന്നെങ്കിലും ഒരു നിമിഷം പോലും പാഴാക്കാതെ അവർ കർമനിരതരായി. പ്രഥമശുശ്രൂഷ നൽകിയശേഷം പൊലീസ് ജീപ്പിൽ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കരിമണ്ണൂർ കോട്ടക്കവല കോട്ടയിൽ ജിത്തു തങ്കച്ചൻ (18) ആണ് സഹായം ചോദിച്ചു പൊലീസ് സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജ്യോതിഷ്, അക്ബർ, സിപിഒ ഉമേഷ് എന്നിവർ ചേർന്ന് യുവാവിന് പ്രഥമശുശ്രൂഷ നൽകി. പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ ഷാജു, സീനിയർ സിപിഒ മധു എന്നിവരെ വിവരം അറിയിച്ചതോടെ ഉടൻ ജീപ്പുമായെത്തി ജിത്തുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാക്കി.

സ്വദേശമായ കരിമണ്ണൂരിൽ നിന്ന് ബന്ധുക്കൾ താമസിക്കുന്ന പാറക്കടവിലെ വീട്ടിലേക്കു വരുന്ന വഴിയിൽ ബൈക്കിന്റെ ഹാൻഡിലിൽ കയറിക്കൂടിയ പാമ്പാണു ജിത്തുവിന്റെ കയ്യിൽ കടിച്ചത്. വഴിയിലും മറ്റും സഹായത്തിനായി ആരെയും കാണാതിരുന്നതിനാലാണു പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞതെന്നു യുവാവ് പറഞ്ഞു. ടൈൽ ജോലിക്കാരനാണ്. ഏതാനും ദിവസമായി ബൈക്ക് ഓടിക്കാതെ വച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാകാം പാമ്പ് ബൈക്കിൽ കയറിയതെന്നു സംശയിക്കുന്നതായി ജിത്തു പറഞ്ഞു.

പൊലീസുകാർ ആശുപത്രിയിലാക്കിയ സമയത്ത് യുവാവ് അവശനിലയിലായിരുന്നു. ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഉ‍ദ്യോഗസ്ഥർ മടങ്ങിയത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന യുവാവിനെ ഞായറാഴ്ച വൈകിട്ട് മുറിയിലേക്കു മാറ്റി. ഇന്നലെ ആശുപത്രി വിട്ടു.

Advertisement