തിരുവനന്തപുരം: ഗവർണർക്കെതിരെ ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ച് ഇന്ന് നടക്കും. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതിഷേധ പരിപാടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
ഒരു ലക്ഷത്തോളം പേർ പ്രതിഷേധക്കൂട്ടായ്മയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ വ്യക്തമാക്കിയിട്ടുള്ളത്. രാവിലെ 10ന് ആരംഭിക്കുന്ന കൂട്ടായ്മകളിൽ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അധ്യാപകരും രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അണിനിരക്കും. കർഷക, തൊഴിലാളി, വിദ്യാർഥി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. മാർച്ചിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല.
രാജ്ഭവനു മുന്നിലെ പ്രതിഷേധത്തിന് മുന്നോടിയായി രാവിലെ 10ന് മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിൽനിന്ന് പ്രകടനം ആരംഭിക്കും. കൂട്ടായ്മയിൽ ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വർഗീസ് ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ തുടങ്ങിയവരും പങ്കെടുക്കും.
രാജ്ഭവന് പുറമെ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ കൂട്ടായ്മകളിൽ പതിനായിരങ്ങളും അണിനിരക്കും. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള മാർച്ച് കണക്കിലെടുത്ത് രാജ്ഭവന് കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ഇല്ല. ഡൽഹിക്ക് പോയിട്ടുള്ള ഗവർണർ അടുത്ത ഞായറാഴ്ചയേ സംസ്ഥാനത്തെത്തുകയുള്ളൂ.