ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റ് ക്ഷേത്രതങ്ങളിലേതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പതിനെട്ടാം പടി ചവിട്ടുന്നത് പോലെ പ്രധാനമാണ് കെട്ടു നിറയ്‌ക്കുന്നതും. ഇരുമുടികെട്ടിനുള്ള പ്രാധാന്യം വളരെ ഏറെ ആണ്. പഴയ കാലത്തു, സന്നിധാനത്തിലെക്കുള്ള യാത്ര അത്യധികം ദുര്‍ഘടം നിറഞ്ഞ വനത്തിലൂടെ ആയിരുന്നു. ഒരു സഹായവും അന്നുണ്ടായിരുന്നില്ല. യാത്രക്കിടയില്‍ രാത്രികാലത്ത് ചിലയിടങ്ങളില്‍ തങ്ങേണ്ടതായും വരും. അതുകൊണ്ട് ഇരുമുടി രണ്ടു അറകളായി തിരിച്ചിരിക്കുന്നു.
ഇരുമുടി, കറുപ്പുകച്ച, നെയ്, കര്‍പ്പൂരം, സാമ്പ്രാണി, അരി, പ്പൊടി, മഞ്ഞള്‍പ്പൊടി, അവല്‍, മലര്‍, ഉണക്കമുന്തിരി, കല്‍ക്കണ്ടം, അരി, നെയ്ത്തേങ്ങക്കും പതിനെട്ടാം പടിക്കല്‍ അടിക്കാനും നാളികേരം, വെറ്റില, പാക്ക്, നാണയം, വെള്ളത്തോര്‍ത്ത്, ബെഡ്ഷീറ്റ്, പപ്പടം, കോര്‍ക്ക്, ചരട്, എന്നിവയാണ് കെട്ടു നിറയ്ക്കാന്‍ വേണ്ടത്.
ഇരുമുടിക്കെട്ടിനു രണ്ടു ഭാഗമുണ്ട്. മുന്‍കെട്ടും പിന്‍കെട്ടും.
മുന്‍കെട്ട്
മുന്‍കെട്ടില്‍ ഭഗവാന് അഭിഷേകത്തിനുളള നെയ്യ് നിറച്ച നെയ്ത്തേങ്ങായും അവല്‍, മലര്‍, അരി, കര്‍പ്പൂരം, കാണിക്ക, വഴിപാട് സാധനങ്ങള്‍, പനിനീര് എന്നിവയും നിറയ്ക്കുന്നു.
മാളികപ്പുറത്തു നേര്‍ച്ചയ്ക്കുളള മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം, പട്ട്, മലര്‍ എന്നിവയും മുന്‍കെട്ടിലാണ് നിറയ്ക്കുന്നത്. ആദ്യം വെറ്റില, അടയ്ക്ക, നാണയം, പടിയിൽ അടിക്കാനുള്ള നാളികേരം എന്നിവ ഒന്നിച്ച് ചേർത്തു പിടിച്ച് പരമശിവനെ ധ്യാനിച്ച് അയ്യപ്പന്റെ സാന്നിധ്യം കെട്ടിലേക്ക് ആവാഹിക്കുന്നതായി സങ്കൽപ്പിച്ച് മുൻകെട്ടിൽ വെയ്ക്കണം. പിന്നീട് ഭക്തിപൂർവ്വം മൂന്നു പ്രാവശ്യം കൈ നിറയെ അരി വാരി മുൻ കെട്ടിൽ ഇടണം. അടുത്തതായി വേണം നെയ്യ്തേങ്ങ വെക്കാൻ. തുടർന്ന് മറ്റുവഴിപാടു സാധനങ്ങൾ മുൻകെട്ടിൽ വെക്കണം. മാളികപ്പുറത്തും നാഗരാജാവിനും നാഗയക്ഷിക്കു മഞ്ഞപ്പൊടി വിതറാം. മണിമണ്ഡപത്തിൽ ഭസ്മം വിതറണം. അവിൽ, മലർ, കൽക്കണ്ടം, മുന്തിരി, വറപ്പൊടി എന്നിവ കടുത്ത സ്വാമിക്കുള്ള വഴിപാടാണ്. പുകയില കറുപ്പസ്വാമിക്കും, കുരുമുളക് വാവരുസ്വാമിക്കും സമർപ്പിക്കണം. ഉണക്കലരി, ഉണ്ടശർക്കര, കദളിപ്പഴം, എന്നിവ അയ്യപ്പസ്വാമിക്ക് നിവേദ്യമുണ്ടാക്കാനാണ്. എറ്റവും പ്രധാനം നെയ്യഭിക്ഷേകമാണ്. വഴിപാട് നെയ്യ് ഔഷധം പോലെ മാത്രം ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യും. അഭിഷേകശിഷ്ട നെയ്യ് ദുരൂപയോഗം ചെയ്യുന്നത് അപരാധത്തെ ക്ഷണിച്ചു വരുത്തലാണ് . അഭിഷേകശിഷ്ട നെയ്യ് വീണ്ടും ചൂടാക്കി പാചക ആവശ്യത്തിന് ഉപയോഗിക്കുന്നതും, വിളക്കുകത്തിക്കാനെടുക്കുന്നതും പാപമാണ് എന്നാണ് വിശ്വാസം.
മുന്‍പിലുള്ള അറ തിരിച്ചറിയുന്നതിനായി ‘ഓം’ എന്ന അടയാളവും രേഖപെടുത്തുന്നു.
പിന്‍കെട്ട്
പഴയ കാലത്തു, പിറകിലുള്ള അറയില്‍ തീര്‍ഥാടകനുള്ള ആഹാര ദ്രവ്യങ്ങള്‍ നിറച്ചിരുന്നു കൂടതെ ഒന്നിലേറെ നാളികേരങ്ങളും കുത്തരിയുമാണ് നിറക്കുന്നത്. പമ്പാഗണപതി, പതിനെട്ടാംപടി, എന്നിവിടങ്ങളിൽ തേങ്ങ അടിക്കുന്നതിനും മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതിനുമാണ് ഒന്നിലേറെ തേങ്ങകൾ പിൻകെട്ടിൽ നിറയ്ക്കുന്നത്.
രാത്രി കാലങ്ങളില്‍ ഇടത്താവളങ്ങളില്‍ ഉപയോഗിക്കുവാനുള്ള പുതപ്പും വിരിപ്പും നന്നായി മടക്കി തലയില്‍ വെച്ചു അതിന് മുകളിലാണ് ഇരുമുടി വെയ്കുന്നത്. ഇരുമുടി കെട്ട് ശിരസില്‍ ഇല്ലാതെ പതിനെട്ടാം പടി ചവിട്ടുവാന്‍ ഒരു ഭക്തര്‍ക്കും അനുവാദമില്ല. പന്തള രാജ കുടുംബാംഗങ്ങള്‍ക്ക് മാത്രമെ അതിന് അനുവാദമുള്ളൂ.
ശബരിമല യാത്രയ്ക്ക് മുമ്പ് ക്ഷേത്രത്തില്‍ വെച്ചോ പൂജാമുറിയില്‍ വെച്ചോ ഗുരുസ്വാമിയുടെ സാന്നിധ്യത്തില്‍ ഇരുമുടി ശരണമന്ത്ര ഘോഷത്തോടെ ഭക്തിപൂര്‍വ്വം നിറയ്ക്കുന്നു. ഇരുമുടികെട്ടു ശിരസില്‍ ആണ് വഹിക്കേണ്ടത്.
കന്നി അയ്യപ്പന്മാർ ചുവന്ന നിറത്തിലുള്ള ഇരുമുടി കെട്ടാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവർക്ക് വെള്ളയോ, നീലയോ, കറുപ്പോ ഉപയോഗിക്കാം. മുന്‍കെട്ട് ആത്മീയതയെയും പിന്‍കെട്ട് ഭൗതീകതയെയും പ്രതീകവല്‍ക്കരിക്കുന്നു.
നെയ്യഭിഷേകം
അയ്യപ്പനു ഏറ്റവും പ്രിയങ്കരമായ വഴിപാടാണു നെയ്യഭിഷേകം. ഭക്തരുടെ സകലദുരിത ശാന്തിക്കായി നടത്തപ്പെടുന്ന മുഖ്യവഴിപാടും ഇതുതന്നെ.
കായികവും വാചികവും മാനസികവുമായ സമസ്ത പാപങ്ങളേയും അകറ്റുന്നതിനാണു നെയ്യഭിഷേകം. ശബരിമലയിലേക്കുവരുന്ന ഭക്തന്‍ നെയ്യഭിഷേകം നടത്തിയേ മടങ്ങാവൂ എന്നാണു ആചാരം. ഇരുമുടിയില്‍ നെയ്‌ത്തേങ്ങകളുമായി പതിനെട്ടാം പടികയറി അയ്യപ്പനെ ദര്‍ശിച്ചശേഷം തേങ്ങയ്ക്കുള്ളിലെ നെയ്യ് ഭഗവാനെ അഭിഷേകം ചെയ്യാനായി നല്‍കുന്നു. അഭിഷേകശേഷം ആ നെയ്യ് സ്വീകരിക്കുകയും തേങ്ങാമുറികള്‍ ആഴിയില്‍കത്തിച്ചു ചാമ്പലാക്കുകയും ചെയ്യുന്നു.
ശബരിമലയാത്ര ആരംഭിക്കുന്നത് കെട്ടുനിറയ്ക്കല്‍ ചടങ്ങോടുകൂടിയാണ്. ഇരുമുടിക്കെട്ടില്‍ കരുതേണ്ട ഏറ്റവും പ്രധാനവസ്തു നെയ്‌ത്തേങ്ങകളാണ്. ലക്ഷണയുക്തമായ നാളികേരത്തിന്റെ പുറം ചുരണ്ടി വൃത്തിയാക്കി കിഴിച്ച് ഉള്ളിലെ വെള്ളം കളഞ്ഞു ഉണക്കിയാണു നെയ്‌ത്തേങ്ങ തയ്യാറാക്കുന്നത്. തേങ്ങയില്‍ നെയ് നിറയ്ക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രം ഇതാണ്.
കേരമൂലേസ്ഥിതോ ബ്രഹ്മാഃ കേരമദ്ധ്യേതു മാധവഃ
കേരകണ്‍ഠേസ്ഥിതഃശംഭുകേരാഗ്രേ സര്‍വ്വദേവതാഃ
കേരമൂലേസ്ഥിതാവാണീ കേരമദ്ധ്യേ രമാ സ്ഥിതാ
കേരകണ്‍ഠേസ്ഥിതാഗൗരീകേരാഗ്രേ സര്‍വ്വദേവതാഃ
കര്‍മ്മണാ മനസാ വാചാ ശുദ്ധ്യാ ഭക്ത്യാജഗദ്ഗുരോ
ഗുപ്തസ്യദേവകാര്യാര്‍ത്ഥം പൂരയന്‍ കപിലാഘൃതം
ഗന്ധപുഷ്പാക്ഷതൈര്‍ ഭക്ത്യാകുശാഗ്രേ പൂജിതൈരപി
ഘൃതം പൂരയതാം ശുദ്ധം കേരേകേരേയഥാവിധി
മന്ത്രത്തിന്റെ അര്‍ത്ഥം ഇപ്രകാരമാണ്. ‘തേങ്ങയുടെ കീഴ്ഭാഗത്തു ബ്രഹ്മാവും സരസ്വതിയും, മദ്ധ്യത്തില്‍ വിഷ്ണുവും ലക്ഷ്മിയും കണ്‍ഠത്തില്‍ ശിവനും പാര്‍വ്വതിയും മുകളില്‍ സര്‍വ്വദേവീദേവകളും കുടിയിരിക്കുന്നു. മനസാവാചാകര്‍മ്മണാ ചെയ്ത സര്‍വകര്‍മ്മങ്ങളേയും ശുദ്ധീകരിച്ചവനായി ഭക്തിയോടെ ജഗദ്ഗുരുവും ഗുപ്തനുമായ (രഹസ്യാത്മകനായ) ദേവനു വേണ്ടി ഞാന്‍ നെയ്യ് ഈ തേങ്ങയില്‍ നിറയ്ക്കുന്നു. ഗന്ധപുഷ്പാക്ഷതങ്ങളാല്‍കുശാഗ്രം(ദര്‍ഭ)കൊണ്ട് പൂജിക്കപ്പെട്ട നെയ്യ് നാളികേരങ്ങളില്‍ യഥാവിധി നിറയ്ക്കുന്നു’. ശരണംവിളിയോടെയും നെയ്‌ത്തേങ്ങ നിറയ്ക്കാം.
ദുഷ്ചിന്തകളും ആഗ്രഹങ്ങളും മൂലം കാഠിന്യമേറിയ ശരീരത്തെ (സ്ഥൂലശരീരത്തെ) സൂചിപ്പിക്കുന്നതാണു തേങ്ങയുടെ പുറന്തോട്. കാഠിന്യമേറിയ ശരീരത്തിനുള്ളിലെ ഉള്‍ക്കാമ്പില്‍ (മനസ്സിനുള്ളില്‍) നിറഞ്ഞിരിക്കുന്ന വിഷയാസക്തികളെ ഒഴുക്കിക്കളഞ്ഞ് ഭക്തിയാകുന്ന നെയ്യ് നിറച്ച് ആ നെയ്യാല്‍ ഭഗവാനെ അഭിഷേകംചെയ്യുന്നു എന്ന സങ്കല്‍പ്പവും നെയ്യഭിഷേകത്തിനു പിന്നിലുണ്ട്.
അഭിഷേകത്തിനുള്ള നെയ്യ് പരിശുദ്ധമായിരിക്കണം എന്നതിനര്‍ത്ഥം നമ്മുടെ ഭക്തിയും പരിശുദ്ധമായിരിക്കണം. (നിഷ്‌ക്കാമഭക്തിയായിരിക്കണം)
നെയ്‌ത്തേങ്ങയിലെ നെയ്യ് ജീവാത്മാവിനെ സൂചിപ്പിക്കുന്നു. ജീവാത്മാവിനെ പരമാത്മാവായ അയ്യപ്പനില്‍ സംഗമിപ്പിക്കുന്നതാണു നെയ്യഭിഷേകം. അഭിഷേകത്തിനു നെയ്യ് എടുത്തശേഷമുള്ള തേങ്ങാമുറികള്‍ ജീവാത്മാവ് വേറിട്ട ശരീരം എന്നുകരുതുന്നതിനാല്‍ ആഴിയിലെ അഗ്നിയില്‍ സമര്‍പ്പിച്ച് ഭസ്മീകരിക്കുന്നു.
അയ്യപ്പവിഗ്രഹത്തില്‍ ആടിയ നെയ്യ് അമൃതസമമായി കൈക്കൊള്ളുകയും ചെയ്യുന്നു. നിവേദ്യാദികള്‍ സമര്‍പ്പിക്കുമ്പോള്‍ അതിന്റെ രസം ഭഗവാന്‍ സ്വീകരിക്കുകയും നിവേദ്യം ഭക്തര്‍ക്ക് പ്രസാദമായി ലഭിക്കുകയും ചെയ്യുന്നതുപോലെ അഭിഷേകം ചെയ്യുമ്പോള്‍ നെയ്യിലെ ഭക്തിരസം ഭഗവാന്‍ സ്വീകരിക്കുകയും തന്റെ ചൈതന്യം നെയ്യിലേക്കു പകരുകയും ചെയ്യുന്നു. പ്രസാദമായി നെയ്യ് സേവിക്കുന്ന ഭക്തര്‍ അയ്യപ്പചൈതന്യം നിറയുന്നവരാവുകയും സംസാരജീവിതത്തെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ കര്‍മ്മോത്‌സുകരാവുകയും ചെയ്യുന്നു.
അഭിഷേകത്തിനു കൊണ്ടുപോകുന്ന നെയ്യിന്റെ വിശുദ്ധി അയ്യപ്പന്മാര്‍ ഉറപ്പുവരുത്തണം. അതേപോലെ അഭിഷേകം കഴിഞ്ഞുകിട്ടുന്ന നെയ്യും പരമപവിത്രമായിവേണം കൈകാര്യം ചെയ്യുവാന്‍. ദിവ്യൗഷധസേവപോലെ കരുതി നെയ്യ് സേവിക്കുക. പാചകത്തിനോ വിളക്കുകത്തിക്കുന്നതിനോ ഉപയോഗിക്കാതിരിക്കുക.