ട്രഷറിയില്‍ പണമെത്തിയോ എന്ന് വീട്ടിലിരുന്നറിയാം

Advertisement

ട്രഷറി അക്കൗണ്ടിൽ പെൻഷൻ പണം വന്നിട്ടുണ്ടോ എന്ന് അറിയണമെന്നത് എല്ലാ വയോധികരുടെയും പെന്‍ഷന്‍കാരുടെയും ആഗ്രഹമാണ്. സന്തതസഹചാരിയായ മൊബൈല്‍ ഫോണിലൂടെ ഇക്കാര്യം കൃത്യമായി അറിയാനിപ്പോള്‍ മാര്‍ഗമുണ്ട്. ട്രഷറിയിൽ നേരിട്ടു ചെല്ലാതെ തന്നെ പെന്‍ഷന്‍കാര്യം അറിയാനുള്ള വഴിയുണ്ട്. സംസ്ഥാനത്തെ ട്രഷറി വകുപ്പിലൂടെ പെൻഷൻ വിതരണം ചെയ്യുന്ന കേരള സംസ്ഥാന പെൻഷൻകാർക്കാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

പെൻഷൻ ആപ്പ്
ട്രഷറി സേവിങ്സ് അക്കൗണ്ടിൽ (പിടിഎസ്ബി) പെൻഷൻ എത്തിയാൽ ഈ ആപ്പിലൂടെ വിവരം അറിയാം. ഇതിനായി കേരള പെൻഷൻ ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി.

ആപ്പിലൂടെ അറിയാം

പെൻഷൻ തുക ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്നു മാത്രമല്ല പെൻഷണറെ സംബന്ധിച്ച വ്യക്തി വിവരങ്ങൾ, പിപിഒ നമ്പർ, ഫാമിലി പെൻഷൻ അവകാശിയുടെ പേര്, അടിസ്ഥാന പെൻഷൻ, കമ്യൂട്ടേഷനു ശേഷമുള്ള റെഡ്യൂസ്ഡ് പെൻഷൻ തുക, പെൻഷൻ ആരംഭിച്ച തീയ്യതി, പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ട്രഷറി / ബാങ്ക് ശാഖ, പിടിഎസ്ബി അക്കൗണ്ട് നമ്പർ, ഓരോ മാസവും ക്രെഡിറ്റ് ചെയ്ത പെൻഷൻ തുകയുടെ വിവരങ്ങൾ, സംസ്ഥാനത്തെ ജില്ല/സബ് ട്രഷറികളുടെ മേൽവിലാസവും ഫോൺ നമ്പറും തുടങ്ങിയ വിവരങ്ങൾ ആപ്പ് തുറന്നാൽ അറിയാം.
മസ്റ്ററിങ് തീയതി

പെൻഷൻ വാങ്ങുന്ന വ്യക്തി ഓർമിച്ചിരിക്കേണ്ട പ്രധാനപ്പെട്ട വിവരങ്ങളിൽ ഒന്നാണിത്. പെൻഷണർ അവസാനമായി മസ്റ്റർ ചെയ്ത തീയതി വ്യക്തിഗത വിവരങ്ങളുടെ കൂടെ ചേർത്തിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത മസ്റ്ററിങ് തീയതി കണക്കാക്കാം. മസ്റ്ററിങ് പ്രക്രിയ മുടങ്ങാതെ നിർവഹിക്കാൻ ഇതിലൂടെ കഴിയും.

എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?

പ്ലേ സ്റ്റോറിൽ നിന്ന് Kerala Pension ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ നമ്പർ ആവശ്യപ്പെടും. ട്രഷറിയിൽ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറാണ് ചേർക്കേണ്ടത്. തുടർന്ന് വരുന്ന ഒടിപി നൽകി പാസ് വേഡ് സെറ്റ് ചെയ്ത് ആപ്പ് ഉപയോഗിച്ചു തുടങ്ങാം.

Advertisement