കൊച്ചി . മാസങ്ങള്‍ക്കുമുമ്ബ് ഒറ്റപ്പാലത്ത് നിന്ന് കാണാതായ പതിനേഴുകാരി കൊച്ചി നഗരത്തില്‍ പലയിടത്തായി കൂട്ടബലാത്സംഗത്തിനിരയായി. രാസലഹരി നല്‍കിയും പീഡനം
സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരിയടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചയാള്‍ സമാനമായ കേസില്‍ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസും പാലാരിവട്ടം പൊലീസും നാലുപേരെ വീതമാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. തൃശൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് അറസ്റ്റിലായവര്‍.
മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ് (40), തൃശൂര്‍ കൃഷ്ണപുരം കാക്കശേരി വീട്ടില്‍ അജിത്കുമാര്‍ (24), ആലുവ ചൂര്‍ണിക്കര കരിപ്പായില്‍ വീട്ടില്‍ കെ ബി സലാം (49), പത്തനംതിട്ട കൂരംപാല ഓലക്കാവില്‍ വീട്ടില്‍ മനോജ് സോമന്‍ (34), ഉദയംപേരൂര്‍ മാക്കാലിക്കടവ് പൂന്തുറ ചിറയില്‍ ഗിരിജ (52), പുത്തന്‍കുരിശ് കാഞ്ഞിരക്കാട്ടില്‍ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടില്‍ നിഖില്‍ ആന്റണി (37), കോട്ടയം കാണാക്കാലി മുതിരക്കാല കൊച്ചുപറമ്ബില്‍ ബിജിന്‍ മാത്യു (22)എന്നിവരാണ് അറസ്റ്റിലായത്.
2022 ആഗസ്തിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത ഡൊണാള്‍ഡ് വില്‍സണ്‍ എന്നയാളാണ് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയ കുട്ടിയെ ജോലി വാഗ്ദാനംചെയ്ത് മനോജ് ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സലാമിനെ വിളിച്ചുവരുത്തി. ഇവര്‍ ഇരുവരും പീഡിപ്പിച്ചു. പിന്നീട് പരിചയക്കാരായ ലോഡ്ജ് മാനേജര്‍മാരായ ജോഷി, അജിത്കുമാര്‍ എന്നിവര്‍ക്കും കാഴ്ചവച്ചു. രക്ഷപ്പെട്ട് പാലാരിവട്ടത്തെത്തിയ പെണ്‍കുട്ടിയെ ഗിരിജ അവരുടെ ലോഡ്ജില്‍ താമസിപ്പിച്ചു. തുടര്‍ന്ന് അച്ചു, നിഖില്‍ ആന്റണി, ബിജിന്‍ മാത്യു എന്നിവര്‍ക്ക് കാഴ്ചവച്ചു. രാസലഹരി നല്‍കിയായിരുന്നു പീഡനങ്ങള്‍. സംഭവത്തില്‍ ഗോഡ്വിന്‍ എന്നയാളെയും ചോദ്യംചെയ്തതായാണ് വിവരം. പ്രതികളെ റിമാന്‍ഡ് ചെയ്തു.