ശരണം വിളികളാല്‍ ഭക്തിനിര്‍ഭരമായ മറ്റൊരു മണ്ഡലകാലം കൂടി വന്നെത്തി.മറ്റ് ക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാണ് ശബരി മലയെ വേറിട്ടതാക്കുന്നത് ശബരിമല ശ്രീ ധര്‍മ്മശാസ്താ ദര്‍ശനത്തിന്റെ പുണ്യം പൂര്‍ണ്ണമായും ലഭിക്കണ മെങ്കില്‍ വ്രതചര്യയും മറ്റ് ചിട്ടകളും ദര്‍ശനക്രമങ്ങളും കണിശമായും പാലിക്കണം എന്നാണ് വിശ്വാസി മതം. വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്‍പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്.
സുഖഭോഗങ്ങള്‍ ത്യജിച്ച് നിഷ്ഠകള്‍ പാലിച്ച് ശബരിമല സന്നിധാനത്ത് എത്തിയാല്‍ അയ്യപ്പന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. മനസ്സും ശരീരവും ശുദ്ധമാക്കി 41 ദിവസം വ്രതം നോറ്റാലാണ് ഒരു അയ്യപ്പന്‍/മാളികപ്പുറം ശബരിമല ധര്‍മ്മ ശാസ്താദര്‍ശനത്തിന് വിധി പ്രകാരം അര്‍ഹത നേടുക. പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി കാര്യങ്ങളാണ് വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇഹലോക പ്രശ്‌നങ്ങളില്‍ നിന്നും മനസും ശരീരവും മോചിപ്പിക്കാനുള്ള ഉപാധിയായാണ് ശബരിമല വ്രതത്തെ കരുതുന്നത്. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. ശബരിമല വ്രതത്തെ പൊതുവെ മണ്ഡല വ്രതം എന്നാണ് അറിയപ്പെടുന്നത്. മാലയിടാന്‍ വൈകിയാലും 41 ദിവസം വ്രതം എന്നതിന് മാറ്റം വരുത്തരുത്. മുദ്ര ധരിക്കുന്നതിന്റെ തലേന്ന് വ്രതം തുടങ്ങണം. അതിരാവിലെ ഉണരുകയും കുളിച്ച് ഭസ്മം ധരിച്ച് നാമം ജപിച്ച് ശരണം വിളിയോടെ നാമജപം പൂര്‍ത്തിയാക്കണം. പറ്റുമെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തണം. അതിനുശേഷമേ ജലപാനം പോലും പാടുള്ളൂ.
വ്രതകാലത്ത് മത്സ്യമാംസാദി ഭക്ഷണം, പഴകിയ ഭക്ഷണം എന്നിവ കഴിക്കരുത്. വീടിനു പുറത്ത് നിന്ന് ഭക്ഷണം ഒഴിവാക്കാന്‍ നോക്കണം. ബ്രഹ്‌മചര്യം അത്യാവശ്യം. ആരോടും ദേഷ്യം, അസൂയ, വിദ്വേഷം ഇവ തോന്നരുത്/കാട്ടരുത്. കള്ളം പറയരുത്/പ്രവര്‍ത്തിക്കരുത്. വൈകുന്നേരവും കുളിച്ച് ക്ഷേത്രദര്‍ശനമോ പൂജാമുറിയില്‍ വിളക്കു വച്ച് പ്രാര്‍ത്ഥിക്കുകയോ ചെയ്യണം. വ്രത വേളയില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കരുത്. വ്രത മുദ്രധരിച്ചു കഴിഞ്ഞാല്‍ പിന്നെ മരണവീടുകളില്‍ പോകരുത്.
വസ്ത്രധാരണം:
മാലയിട്ട് സ്വാമിയായി മാറിയാല്‍ കറുപ്പ്, നീല, കാവി നിറത്തിലെ വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. ഏതു വസ്ത്രമായാലും കഴുകി വൃത്തിയാക്കി ധരിക്കണം.
മാല ഊരുമ്പോള്‍:
അയ്യപ്പ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ക്ക് വീട്ടില്‍ വന്ന് പൂജാമുറിയില്‍ വിളക്കുവച്ച് തൊഴുത് കുളിച്ചുവന്ന് മാല ഊരാം. ആ മാല ഭഗവാന്റെ പടത്തില്‍ ചാര്‍ത്തിയിടാം.