സര്‍ക്കാര്‍ വാഹനം തടഞ്ഞ് പ്രതിഷേധിച്ച യുവാവിനെ ഡ്രൈവര്‍ വാഹനം പായിച്ച് ഇടിച്ചുവീഴ്ത്തി

Advertisement

കൊച്ചി .സര്‍ക്കാര്‍ വാഹനം തടഞ്ഞ് പ്രതിഷേധിച്ച യുവാവിനെ ഡ്രൈവര്‍ വാഹനം പായിച്ച് ഇടിച്ചുവീഴ്ത്തി. എറണാകുളം രാജേന്ദ്ര മൈതാനത്തിനടുത്ത് എസ്സിഎസ്ടി ഹോസ്റ്റലിനു മുന്നിലാണ് സംഭവം. ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങുകയായിരുന്ന എസ്‍സി വികസന വകുപ്പിന്റെ വാഹനം തടഞ്ഞതിനാണ് യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിയായ അഭിജിത്തിന് നേരെയായിരുന്നു അതിക്രമം.

സംസ്ഥാന ഹോക്കി താരവും സെന്റ് ആൽബർട്സ് കോളജ് വിദ്യാർഥിയുമായ കെ.പി. അഭിജിത്തിനു നേരെ ജില്ലാ പട്ടികജാതി ഓഫിസറുടെ ഡ്രൈവർ ഷാജി വാഹനം മനപ്പൂർവം ഇടിച്ചു കയറ്റുകയായിരുന്നെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. വാഹനം പുറത്തേയ്ക്കു പോകാതിരിക്കാൻ ഗേറ്റ് അടച്ച ശേഷം പുറത്തു നിൽക്കുകയായിരുന്നു അഭിജിത്ത്. ഇതോടെ വാഹനം പിന്നോട്ട് എടുത്ത ശേഷം ശക്തിയായി ഇടിപ്പിക്കുകയായിരുന്നു. വീഴ്ചയിൽ തല ഇടിച്ചു വീണ യുവാവ് അരമണിക്കൂറിലേറെ സ്ഥലത്തു കിടന്ന ശേഷം നാട്ടുകാർ ഒച്ചവച്ചതോടെ ഓഫിസിൽ നിന്നുള്ളവർ പുറത്തിറങ്ങി നാട്ടുകാര്‍ക്കൊപ്പം ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി.

മാഹി സ്വദേശിയായ പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർഥി അഭിജിത് നേരത്തെ ഹോസ്റ്റൽ വാർഡനുമായുള്ള വിഷയത്തിൽ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇതോടെ വാർഡൻ സുഭാഷിനെ അന്വേഷണ വിധേയമായി ജില്ലാ ഓഫിസർ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇന്നു രാവിലെ ജില്ലാ ഓഫിസർ കെ. സന്ധ്യ വാർഡനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് കാരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിജിത്തിന് കാലിനും നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ട്.

Advertisement