തിരുവനന്തപുരം: ഉപയോഗം കൂടിയ വൈകിട്ട് ആറുമുതൽ പത്തുമണിവരെയുള്ള സമയത്തെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെ എസ് ഇ ബി. പകൽ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയുള്ള സമയത്ത് സാധാരണ നിരക്കും , ആറു മുതൽ രാത്രി 10 വരെയുള്ള സമയത്ത് കൂടിയ നിരക്കും രാത്രി 10 മുതൽ പുലർച്ചെ ആറ് വരെയുള്ള സമയത്ത് നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്കുമാവും ഈടാക്കുക. വൈദ്യുതി നിരക്കു കൂട്ടാൻ കഴിഞ്ഞ വർഷം ബോർഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ച ഘട്ടത്തിൽ ഈ നിർദേശം മുന്നോട്ടുവച്ചെങ്കിലും എതിർപ്പുകൾ ഉയർന്നതോടെ ഉപേക്ഷിക്കുകയായിരുന്നു.
ആറുമുതൽ പത്തുമണിവരെയുള്ള സമയത്തെ നിരക്ക് കൂട്ടുമ്പോൾ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗാർഹിക, വാണിജ്യ ഉപഭാേക്താക്കളെയാവും. ഇപ്പോൾത്തന്നെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടാൻ ഇത് ഇടയാക്കിയേക്കും എന്ന ആശങ്കയുണ്ട്. നിരക്ക് കൂടുന്നതോടെ വൈകുന്നേരം ആറുമുതൽ രാത്രി പത്തുമണിവരെയുള്ള സമയത്ത് ഉപയോഗം കുറയും. അതിനാൽ കെ എസ് ഇ ബി പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാൻ കഴിയും. ഇതിലൂടെ ചെലവ് കുറയ്ക്കാൻ കഴിയും. ഒപ്പം ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ തുക ലഭിക്കുകയും ചെയ്യും. ഇതിലൂടെ വരുമാനം കൂട്ടാമെന്ന പ്രതീക്ഷയിലാണ് കെ എസ് ഇ ബിയുടെ കണക്കുകൂട്ടൽ. വൻ വില നൽകിയാണ് ഇപ്പോൾ കെ എസ് ഇ ബി പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നത്.
എന്നാൽ ഇപ്രകാരം നിരക്ക് ഈടാക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടിവരും. എല്ലാ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.