കൊച്ചിയില്‍ പുറത്തുവന്ന പീഡനം അധികമാരുമറിയാതെ മൂടിപ്പോകേണ്ടിയിരുന്നത്, നാടിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഇത്രമതിയോ

Advertisement

കൊച്ചി: കേരളത്തിലെ ഏറ്റവും സജീവമായ മെട്രോ നഗരത്തില്‍ അത്ര അസമയമല്ലാതിരുന്നിട്ടും ഒരു പെണ്‍കുട്ടി ക്രൂരമായ വേട്ടയാടലിന് ഇരയായത് 45 മിനിറ്റുനേരമാണ്. ഒരു ജീപ്പ് നഗരത്തിലുണര്‍ന്നിരിക്കുന്ന പൊലീസിന്റെയും നിരീക്ഷണ കാമറകളുടെയും മുന്നിലൂടെ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയുമായി നിരവധി തവണയാണ് കടന്നുപോയത്.

ബഹളം വെക്കാനോ ഒച്ചയെടുക്കാനോ ഓടി രക്ഷപ്പെടാനോ പറ്റുന്ന ശാരീരിക അവസ്ഥയിലായിരുന്നില്ല എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. ഒരു ഹോട്ടലില്‍ നിന്നും ഇതിനിടെ ഭക്ഷണം വാങ്ങിക്കഴിക്കുകയും ചെയ്തു. ഇതെല്ലാം ഒരു സിനിമയിലെ രംഗംപോലെ.
പരസ്യചിത്രങ്ങളില്‍ അവസരം വാഗ്ദാനം ചെയ്താണ് സുഹൃത്ത് ഡോളി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരെ പരിചയപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ ഡോളി കെണിയില്‍ പെടുത്തിയതാണെന്ന് സൂചന. ഡോളിയെ ഏറെനാളായി അറിയുന്ന പെണ്‍കുട്ടിക്ക് വഴികാട്ടിയെപ്പലെയായിരുന്നു അവര്‍

സംഭവദിവസം രാത്രി എട്ടോടെ ഭക്ഷണം കഴിക്കാനിറങ്ങിയ പെണ്‍കുട്ടിയെ ഡോളി ഡി.ജെ പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയി. എന്നാല്‍, അറ്റ്‌ലാന്റിസ് ജങ്ഷനിലെ ഡാന്‍സ് ബാറിലേക്ക് ഡോളി നിര്‍ബന്ധിച്ച് കയറ്റി. ആദ്യ ഗ്ലാസ് ബിയര്‍ കുടിച്ചു, അതിനിടെ ഡോളിയെ കാണാന്‍ മൂന്ന് പേര്‍ ബാറിലെത്തി വൈകാതെ അവര്‍ ഇറങ്ങി.

രണ്ടാമത്തെ ഗ്ലാസ് ബിയര്‍ ഡോളിയാണ് നല്‍കിയത്. അത് കുടിച്ചപ്പോള്‍ രുചി വ്യത്യാസം തോന്നി. ശരീരം കുഴയുന്ന അവസ്ഥയുണ്ടായി. മദ്യലഹരിയില്‍ കുഴഞ്ഞു വീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞാണ് ഡോളി തന്നെ കൂട്ടി പാര്‍ക്കിങ്ങിലെത്തിയത്.

അവിടെ നേരത്തേ ഡോളിയെ കാണാനെത്തിയവര്‍ വാഹനത്തിലുണ്ടായിരുന്നു. അവശയായ തന്നോട് ആ വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിച്ചത് ഡോളിയായിരുന്നു. താന്‍ കയറിയശേഷം 10 മിനിറ്റിനകം വരാമെന്ന് പറഞ്ഞ് ഡോളി പബ്ബില്‍ പോയി. എന്നാല്‍, ഡോളി വരുംമുമ്ബ് അവര്‍ വാഹനവുമായി പുറപ്പെട്ടു.

ക്രൂരമായ ലൈംഗിക അതിക്രമത്തിനുശേഷം ഇവര്‍ ഭക്ഷണം വാങ്ങാനായി തന്നെയും കൂട്ടി ഹോട്ടലില്‍ ഇറങ്ങി. അപ്പോഴും താന്‍ ശാരീരികമായും മാനസികമായും മരവിച്ച അവസ്ഥയിലായിരുന്നു. എല്ലാവരെയും പേടിയോടെയാണ് കണ്ടത്. ജീപ്പിലിരുന്നു പൊട്ടിക്കരഞ്ഞു. അതിനിടെ വാഹനം വീണ്ടും പബ്ബിലെത്തി. അവിടെ ഡോളിയുണ്ടായിരുന്നു. അവര്‍ ജീപ്പില്‍ കയറിയെങ്കിലും ഒന്നും പറയാന്‍ പറ്റിയിരുന്നില്ല. തുടര്‍ന്ന് അവര്‍ കാക്കനാടുള്ള ഹോട്ടലിനു മുന്നില്‍ ഇറക്കിവിട്ടു.
താമസസ്ഥലത്തെത്തിയപ്പോഴാണ് ശാരീരികമായി എത്രത്തോളം മുറിപ്പെട്ടുവെന്ന് അറിഞ്ഞത്. തുടര്‍ന്ന് സുഹൃത്തിനോട് പറഞ്ഞ് കാക്കനാട്ടെ ആശുപത്രിയിലേക്ക് പോയി. കൂടുതല്‍ ചികിത്സക്കാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അവിടെ നിന്നാണ് പൊലീസ് മൊഴിയെടുത്തത്. ആദ്യം ഡോളിയെയും പിന്നാലെ മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സംഗത്തിന് ഒത്താശ ചെയ്‌തെന്ന കുറ്റമാണ് ഡോളിക്കെതിരെ ചുമത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവനടിക്കുനേരെ നടന്ന അതിക്രമത്തില്‍ നിന്നും ഏറെയൊന്നും വ്യത്യാസമില്ലാത്ത അക്രമമാണ് നടന്നത്. ഇത്തരം അതിക്രമങ്ങള്‍ ഇപ്പോഴും നിരന്തരം നടക്കുന്നതിന്റെ സൂചനയാണിത്. ഒരുപാടു യുവതികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടായിരിക്കാം. പരിധിവിട്ട രക്തസ്രാവവും മുറിവുമില്ലെങ്കില്‍ ഈ സംഭവവും പുറത്തറിയാതെ പോയേനെ. കാനമൂടാനറിയില്ലെങ്കിലും ഇത്തരം അക്രമങ്ങള്‍ മൂടിവയ്ക്കാന്‍ മെട്രോ നഗരത്തിന് താല്‍പ്പര്യമേറെയാണ്.റിയല്‍ എസ്‌റ്റേറ്റും മോഡലിംങും ഡിജെപാര്‍ട്ടികളും കത്തിയാക്രമണവും ക്വട്ടേഷനുകളും എല്ലാംകൂടി ഛോട്ടാ മുംബൈ ആയി കൊച്ചിവളരുമ്പോള്‍ നാടിന്റെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു

Advertisement