രാജ്ഭവനിലെ അതിഥികള്‍ക്ക് ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കുവേണ്ടി സര്‍ക്കാരിനയച്ച കത്തും പുറത്ത് വിട്ടു

Advertisement

തിരുവനന്തപുരം. രാജ്ഭവനിലെത്തുന്ന അതിഥികള്‍ക്കായി ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കുവേണ്ടി സര്‍ക്കാരിനയച്ച കത്ത് പുറത്ത്. ഇന്നോവയടക്കം മൂന്നു വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് പൊതുഭരണവകുപ്പിന് ഗവര്‍ണര്‍ കത്തുനല്‍കിയത്. 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മുഖ്യമന്ത്രിക്കയച്ച കത്തുപുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് പുതിയ കത്തും സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ടത്.

ഗവര്‍ണ്ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2021 സെപ്തംബര്‍ 23 നയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2021 ഒക്ടോബര്‍ 10 മുതല്‍ 2022 മാര്‍ച്ച് വരെ രാജ്ഭവനില്‍ കൂടുതല്‍ അതിഥികള്‍ എത്തുമെന്നും അവര്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വേണമെന്നുമാണ് ആവശ്യം. ഇന്നോവയടക്കം മൂന്ന് വാഹനങ്ങള്‍, ഡ്രൈവര്‍ ഉള്‍പ്പെടെ ആറു മാസത്തേക്ക് വിട്ടുനല്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നു.

ഗവര്‍ണ്ണറുടെ ഔദ്യോഗിക വാഹനവും സുരക്ഷാ അകമ്പടി വാഹനങ്ങളുമടക്കം സര്‍ക്കാര്‍ ചെലവില്‍ നിരവധി വാഹനങ്ങള്‍ രാജ്ഭവനില്‍ ഉണ്ടായിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ അതിഥികള്‍ക്ക് സഞ്ചരിക്കാനായി അധികമായി വാഹനങ്ങള്‍ വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ആക്ഷേപം.

20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി സിപിഐഎം രംഗത്തെത്തിയതിനു പിന്നാലെയാണ് വീണ്ടും ഒരുകത്തുകൂടി പുറത്തായിരിക്കുന്നത്.

Advertisement