ഇസ്ലാമിക തീവ്രവൽക്കരണത്തിനെതിരെ ഇറാനിൽ നടക്കുന്ന ജനകീയ പോരാട്ടങ്ങളെ അടിച്ചമർത്തുന്ന മത സ്വേച്ഛാധിപത്യത്തിനെതിരെ കടുത്ത നിലപാട് ഉയർത്തിക്കൊണ്ട് ഇറാനിയൻ ഫുട്ബോൾ താരങ്ങൾ കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരെ നടന്ന കളിക്ക് മുന്നോടിയായി തങ്ങളുടെ ദേശീയ ഗാനം പാടാൻ വിസമ്മതിച്ചു
മാധ്യമപ്രവര്‍ത്തകന്‍ സിബിസത്യന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഫുട്ബോൾ അതിരുകൾക്കും ദേശങ്ങൾക്കും അപ്പുറം മാനവികതയ്ക്ക് വേണ്ടിയുള്ള നിലപാടാണ്. ഖത്തർ ലോകകപ്പ് കഴിഞ്ഞദിവസം വേദിയായതും അത്തരമൊരു മാനവികതയുടെ അസാധാരണ പ്രകടനത്തിനാണ്. ഇത്തവണ അത് ഇറാനിയൻ താരങ്ങളിൽ നിന്നായിരുന്നു എന്ന് മാത്രം.
ഇസ്ലാമിക തീവ്രവൽക്കരണത്തിനെതിരെ ഇറാനിൽ നടക്കുന്ന ജനകീയ പോരാട്ടങ്ങളെ അടിച്ചമർത്തുന്ന മത സ്വേച്ഛാധിപത്യത്തിനെതിരെ കടുത്ത നിലപാട് ഉയർത്തിക്കൊണ്ട് ഇറാനിയൻ ഫുട്ബോൾ താരങ്ങൾ കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരെ നടന്ന കളിക്ക് മുന്നോടിയായി തങ്ങളുടെ ദേശീയ ഗാനം പാടാൻ വിസമ്മതിച്ചു. ഗ്രൗണ്ടിൽ ദേശീയഗാനം മുഴങ്ങുമ്പോൾ കടിച്ചുപിടിച്ച ചുണ്ടുകളുമായി തലയുയർത്തി നിന്ന താരങ്ങൾ മുന്നോട്ടുവെച്ചത് അസാധാരണ ധൈര്യവും കരുത്തുമാണ്.
നിശബ്ദത എങ്ങനെയാണ് ഏറ്റവും ശക്തമായ പ്രസ്താവനയാകുന്നതെന്ന് , ഏറ്റവും കരുത്തുറ്റ പ്രതിഷേധം ആകുന്നതെന്ന് അവർ തെളിയിച്ചു. ദേശീയ ഗാനം ഇറാന്റെ ദേശീയതയെ അല്ല , മറിച്ച് മനുഷ്യനെ കൊന്നൊടുക്കുന്ന മത സ്വേഛാധിപത്യത്തിന്റെ ഉണർത്തുപാട്ട് മാത്രമാണെന്നും 5000ത്തോളം വർഷത്തിന്റെ ചരിത്രം പേറുന്ന പേർഷ്യൻ സംസ്കാരത്തിൻറെ മാനവികതയെ അല്ലെന്നും അവർ ഒരൊറ്റ നീക്കത്തിലൂടെ പറഞ്ഞുവച്ചു.
ഈ അസാധാരണ നീക്കത്തിൽ സ്തംബ്ധരായി പോയ ഇറാനിയൻ ദേശീയ ടെലിവിഷന് അവരുടെ ലൈവ് ടെലികാസ്റ്റ് അല്പനേരത്തേക്ക് നിർത്തിവെക്കേണ്ടി വന്നു എന്നത് ഈ നീക്കത്തിന്റെ രാഷ്ട്രീയ ശക്തിയുടെ പ്രകടനമായി. ഗ്രൗണ്ടിൽ ദേശീയഗാനം മുഴങ്ങുമ്പോൾ തങ്ങളുടെ ടീമിനെ പിന്തുണച്ചെത്തിയ കാണികളും അതിനെ കൂവുകയായിരുന്നു.
ഒരു ദേശീയ ഗാനം പാടിത്തീർക്കുന്ന അത്രയും സമയം കൊണ്ട് 11 കളിക്കാരും ഒരു കൂട്ടം കാണികളും തങ്ങളുടെ ദേശത്ത് നടക്കുന്ന മത ഭരണത്തിന്റെ കിരാതത്വത്തിലേക്ക് ലോകത്തിൻറെ ശ്രദ്ധ മുഴുവൻ കൊണ്ടുവന്നു.
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് കൊല്ലപ്പെട്ട മഹ്സാ അമിനി എന്ന 22 കാരിയുടെ മരണത്തിനുശേഷം ഇറാനിൽ വീശിയടിക്കുന്ന പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തുന്ന ഭരണകൂടത്തിന്റെ കിരാത നടപടികളിൽ ഇതിലകം 400 അധികം പേർ കൊല്ലപ്പെട്ടു. അതിൽ 58 കുട്ടികളുണ്ട് പതിനേഴായിരത്തിൽ പരം പേർ പോലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെടുന്നു.
പക്ഷേ അതിലൊന്നും കൂസാതെ ഇറാനിലെ ജനത, പ്രത്യേകിച്ച് സ്ത്രീകൾ തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് പ്രതിഷേധത്തിന്റെ ജ്വാല കത്തിക്കുകയാണ്. ആത്യന്തികമായ സ്ത്രീ വിമോചനത്തിന്റെ ഉണർത്തുപാട്ട് ഉരു വിടുകയാണ്.
തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറങ്ങുമ്പോൾ കോച്ചിന്റെയും കൂടി പിന്തുണയോടെയാണ് കളിക്കാർ ഈ പ്രതിഷേധത്തിന് ഒത്തുചേർന്നത്. മക്കൾ നഷ്ടപ്പെട്ട അമ്മമാർക്ക് യാതന അനുഭവിക്കുന്ന കുടുംബങ്ങൾക്ക് തങ്ങളുടെ ഐക്യദാർഢ്യം ആണ് ഇതെന്ന പരസ്യ പ്രഖ്യാപനവും അവർ നടത്തി. ഇന്നലത്തെ കളിയിൽ തിങ്ങിനിറഞ്ഞെത്തിയ ഇറാനിയൻ കാണികൾ കളി കാണാനല്ല മറിച്ച് ഇറാനിലെ തെരുവുകളിൽ ഉയരുന്ന വിപ്ലവത്തിന് ജയ് വിളിക്കാൻ ആണ് എത്തിയത്.
ഫുട്ബോൾ ചില നേരങ്ങളിൽ വെറുമൊരു തുകൽ പന്തല്ല. കരുത്തുറ്റ രാഷ്ട്രീയവും അടിച്ചമർത്തപ്പെടുന്നവന്റെ സഹോദര്യവും വിമോചനത്തിന്റെ ഉണർത്തുപാട്ടും കൂടിയാണ്.
തിരികെ ഇറാനിൽ എത്തുമ്പോൾ കളിക്കാരെയും കോച്ചിനേയും കാത്തിരിക്കുന്നത് പൂമെത്തകളല്ല. കൊടും പീഡനത്തിന്റെയും യാതനകളുടെയും വഴിത്താരകളാണ്. ജയിലുകളും ഫയറിങ് സ്ക്വാഡും രാജ്യ ദ്രോഹ കുറ്റവും കാത്തിരിക്കുന്നുണ്ടാകും. അതറിഞ്ഞുകൊണ്ട് അവർ കാട്ടിയ ധൈര്യം മാനവികതയുടെ ചരിത്രത്തിലെ അസാധാരണമായ അധ്യായങ്ങളിൽ ഒന്നായി മനുഷ്യൻ ഉള്ളിടത്തോളം കാലം പറയപ്പെട്ടു കൊണ്ടിരിക്കും.
ഇംഗ്ലണ്ടിനെതിരെ ഇറാനിയൻ ടീം 6 ഗോളുകൾക്ക് പരാജയപ്പെട്ടിട്ടുണ്ടാകാം. പക്ഷേ മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ ഇതിഹാസ പുസ്തകത്തിൽ അവർ തലയുയർത്തിപ്പിടിച്ചു നിൽക്കും. കാരണം അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിശാലമായ ഗെയിമിൽ അവർ 1001 ഗോളുകൾക്ക് ജയിച്ചു നിൽക്കുന്നുണ്ട്.