ഏലൂര്‍ .കോഴി മൂലം കോടതി കേറേണ്ട നിലയിലാണ് ഉടമ. കോഴി നിസാരക്കാരനല്ല, ഒരു പിഞ്ചു കുഞ്ഞിനെ ആക്രമിച്ച് മാരകമായി പരുക്കേല്‍പ്പിച്ചതിനാണ് ഉടമക്കെതിരെ കേസ് ആയത്. എറണാകുളം മഞ്ഞുമ്മലിൽ പിഞ്ചു കുഞ്ഞിനെ കൊത്തി പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെയാണ് പോലിസ് കേസെടുത്തത്. രണ്ടു വയസുകാരന്റെ മുഖത്തും കണ്ണിനുപിന്നിലും തലയ്ക്കുമെല്ലാം ഗുരുതരമായി പരുക്കേൽപിച്ചെന്ന പരാതിയിലാണ് ഏലൂർ പൊലീസ് കേസെടുത്തത്. കുഞ്ഞിന്റെ മുത്തച്ഛൻ നൽകിയ പരാതിയിൽ കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെയാണ് കേസ്.
കഴിഞ്ഞ 18നാണ് സംഭവം. മുത്തച്ഛനെ കാണാനെത്തിയതായിരുന്നു രണ്ടു വയസുകാരനും മാതാപിതാക്കളും. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരനെ പൂവൻ കോഴി കൊത്തി ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. അയൽ വാസിയായ ജലീലിന്റെ വീട്ടിൽ വളർത്തുന്ന പൂവൻകോഴിയാണ് കുഞ്ഞിനെ കൊത്തി പരുക്കേൽപിച്ചത്. കണ്ണിന്റെ തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തിൽ കൊത്തേറ്റിട്ടുണ്ട്. കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിൻമാറിയില്ല. മാതാപിതാക്കൾ അടുത്ത് എത്തിയപ്പോഴേയ്ക്കും കുഞ്ഞിന് സാരമായി പരിക്കേറ്റിരുന്നു.
കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മുത്തച്ഛൻ നൽകിയ പരാതിയിൽ കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെ ഏലൂർ പൊലീസ് കേസെടുത്തു. ഇതേ കോഴി നേരത്തെയും അക്രമണ സ്വഭാവം കാണിച്ചിരുന്നു. തുടർന്ന് നാട്ടുകാർ കോഴിയെ കൂട്ടിൽ അടച്ചിടാൻ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ലെന്ന് പരാതിക്കാർ പറയുന്നു. കുഞ്ഞിന്റെ ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
ചിത്രം. പ്രതീകാത്മകം