ശബരിമല. സന്നിധാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്.കൊറോണ ലക്ഷണമുള്ളവരെ പമ്പയില്‍ തന്നെ പരിശോധിക്കും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് മാസ്ക് ധരിക്കാനും നിർദ്ദേശം നല്‍കി.
മണ്ഡല തീര്‍ത്ഥാടന കാലത്ത് പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാനും ഭക്തര്‍ക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യ സംരക്ഷണത്തിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയിരിക്കുന്നത്. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദ വിഭാഗങ്ങളിലെ ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ക്കും വിവിധങ്ങളായ രോഗങ്ങള്‍ക്കുള്ള ചികില്‍സയ്ക്ക് വേണ്ട വിപുലമായ സജ്ജീകരണങ്ങള്‍ തയ്യാറായി കഴിഞ്ഞു.
കൊറോണ ലക്ഷണമുള്ളവരെ പമ്പയില്‍ തന്നെ ആന്റിജന്‍ ടെസ്റ്റ് ചെയ്യും. രോഗം കണ്ടെത്തുന്നവരില്‍ തീവ്രമായ ലക്ഷണമുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ ക്വാറന്റൈനില്‍ വിടുകയും ചെയ്യും. ഡ്യൂട്ടിയിലുള്ള പോലീസുകാരോട് മാസ്ക് ധരിക്കാനും നിർദ്ദേശം നൽകി.ചിക്കന്‍ പോക്‌സ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ വകുപ്പുകള്‍ വിവിധ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ സന്നിധാനത്തുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ സന്നിധാനത്തെ ഓഫീസ് മുറികളിലും താമസ സ്ഥലങ്ങളിലും അണുനശീകരണം ചെയ്യുന്നുണ്ട്.
കൊതുക് നിര്‍മ്മാര്‍ജ്ജനത്തിന് വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ മെഷീന്‍ ഫോഗിങ്ങ് ചെയ്യുന്നു. ഭക്ഷ്യ ശാലകളിലെ ശുചിത്വം ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍ സ്ഥിരമായി പരിശോധന നടത്തുന്നു. ഹോമിയോ വകുപ്പ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ സന്നിധാനത്ത് ഭക്തര്‍ക്കും ജീവനക്കാര്‍ക്കും വിതരണം ചെയ്തു വരുന്നു. ചിക്കന്‍ പോക്‌സ് പ്രതിരോധത്തിന് 1700 പ്രതിരോധ ഗുളിക ഹോമിയോ വകുപ്പ് ശബരിമലയില്‍ വിതരണം ചെയ്തിട്ടുണ്ട്.