തിരക്കേറുന്നു; ശബരിമലയിൽ 10 മണിക്കൂർ വരെ കാത്തുനിൽപ്

Advertisement

ശബരിമല: പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി 10 മണിക്കൂറിലേറെ നീണ്ട കാത്തുനിൽപ്. പടി കയറാൻ മരക്കൂട്ടം മുതൽ സന്നിധാനം വരെ നീണ്ട നിര.തുടർച്ചയായ മൂന്നാം ദിവസമാണ് ഇത്തരത്തിൽ തിരക്ക് അനുഭവപ്പെടുന്നത്. 27ന് 62,628 പേർ ദർശനം നടത്തിയപ്പോൾ 28ന് എത്തിയത് 84,005 പേരാണ്.

ഇന്നലെ 71,650 പേർ വെർച്വൽക്യു ബുക്ക് ചെയ്തിരുന്നു. അതിൽ രാവിലെ 9 വരെ 29,393 പേർ ദർശനം നടത്തി. പടി കയറാനുള്ള നിര മിക്കപ്പോഴും ശരംകുത്തിക്കും മരക്കൂട്ടത്തിനും മധ്യേ വരെ നീണ്ടു രാത്രി 7.30നും നിര ഇതതേപോലെ നിന്നു. പടി കയറുന്നതിനു കുറഞ്ഞത് എട്ട് മണിക്കൂർ വരെ കാത്തുനിന്നു.

പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിയും മരക്കൂട്ടവും പിന്നിട്ട് ശബരിപീഠം വരെയുണ്ടായിരുന്നു. ഇതുമൂലം പമ്പയിൽ തടഞ്ഞു നിർത്തി ചെറിയ സംഘമായിട്ടാണ് സന്നിധാനത്തേക്കു പോകാൻ അനുവദിക്കുന്നത്. ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം, അപ്പാച്ചിമേട്, പമ്പ എന്നിവിടങ്ങളിലും തീർഥാടകർ തിങ്ങിനിറഞ്ഞിട്ടുണ്ട്. വൈകിട്ട് പമ്പയിലും സന്നിധാനത്തും മഴ പെയ്തു. അതിനാൽ വിരിവയ്ക്കാൻ സ്ഥലമില്ലാതെ ഭക്തർ വല്ലാതെ ബുദ്ധിമുട്ടി.

Advertisement