വിദ്യാലക്ഷ്മി ടീച്ചറെ ഓര്‍മ്മയുണ്ടോ, ആ തിരഞ്ഞെടുപ്പ് ദുരന്തവും

Advertisement

പാലക്കാട്.വിദ്യാലക്ഷ്മി ടീച്ചറിനെ അറിയുമോ, ജനാധിപത്യപ്രക്രിയ ചലനാത്മകമാക്കാനുള്ള തിരക്കില്‍ സ്വന്തം ജീവിതത്തിന്‍റെ ചലനാത്മകത നഷ്ടമായ ഹതഭാഗ്യയെ ആര്‍ക്കാണ് മറക്കാനാവുക, ഒന്നരവര്‍ഷത്തെ ചികില്‍സാക്കാലം അവസാനിപ്പിച്ച് വിദ്യാലക്ഷ്മി ടീച്ചര്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് അരക്ക് താഴെ തളര്‍ന്ന അധ്യാപിക മടങ്ങിയെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അളവറ്റ സന്തോഷം. പാലക്കാട് ഒറ്റപ്പാലം കടമ്പൂര്‍ ജിഎച്ച്എസ്എസിലാണ് ഹൃദയസ്പൃക്കായ മടങ്ങിവരവ്.


അഗളി ജിവിഎച്ച്എസിലെ വെളിച്ചമില്ലാത്ത തിരഞ്ഞെടുപ്പ് ബൂത്തിന് സമീപത്ത് വച്ചാണ് 2021ല്‍ തിരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ അപകടം നടന്നത്. പോളിംങിന് തയ്യാറെടുക്കാനായി പുലര്‍ച്ചെ പുറത്തിറങ്ങി നടന്നതാണ്. കല്‍ക്കെട്ടില്‍ പടിയാണെന്നു കരുതി ചവുട്ടിയത് 15അടി താഴ്ചയിലേക്ക്. ഒന്നരവര്‍ഷം ചികിത്സാക്കാലം .പിന്നിട്ട പ്രതിസന്ധികാലത്തെ അതിജീവിച്ച് വീല്‍ചെയറില്‍ സ്‌കൂളിലെത്താന്‍ വിദ്യാലക്ഷ്മി ടീച്ചറെ പ്രേരിപ്പിച്ചത് അധ്യാപനത്തോടുളള അതിയായ താത്പര്യം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉത്തരവുമായി ഉല്‍സാഹത്തോടെ നടന്നിറങ്ങി പോയ ടീച്ചര്‍ മടങ്ങിവന്നത് വീല്‍ചെയറിലാണ്. സഹപ്രവര്‍ത്തകരും കുട്ടികളും അത് നിറകണ്ണോടെ കണ്ടുനിന്നു. ടീച്ചറുടെ തിരിച്ചുവരവില്‍ സ്‌കൂളിലെ സഹപ്രവര്‍ത്തകരുടെ പങ്ക് എടുത്ത് പറയേണ്ടത്..സ്‌കൂളില്‍ പ്രത്യേക റാമ്പൊരുക്കിയും വീല്‍ചെയര്‍ സൗഹൃദ ശുചിമുറി തയ്യാറാക്കിയും ക്ലാസ് മുറികള്‍ ക്രമീകരിച്ചുമൊക്കെ അവര്‍ പ്രിയ സഹപ്രവര്‍ത്തകയെ ചേര്‍ത്തുവെച്ചു

രണ്ടുവര്‍ഷത്തെ അവധിക്ക് അപേക്ഷിച്ചെങ്കിലും അനുവദിച്ചത് 119 ദിവസം മാത്രമാണ്.അര്‍ഹതപ്പെട്ട പ്രത്യേക അവശതാവധിയോ ശമ്പളമോ ടീച്ചര്‍ക്ക് ലഭിച്ചിട്ടില്ല

പിഎസ് സി നിയമനത്തിലൂടെ 2019 ജൂണ്‍ ആറിനാണ് വിദ്യാലക്ഷ്മി ജോലിയില്‍ പ്രവേശിക്കുന്നത്.2021 ജൂണ്‍ ആറിന് പ്രബേഷന്‍ കാലാവധി തികച്ചെങ്കിലും നിയമനസ്ഥിരീകരണം ലഭിച്ചിട്ടില്ല.ഇതിനുളള ശ്രമങ്ങള്‍ സഹപ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്. എന്തായാലും അധ്യാപികയുടെ വേഷത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് വിദ്യാലക്ഷ്മി വീല്‍ചെയറില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കണം അതാണ് മോഹം.

Advertisement