ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഇന്ന് മുതൽ ​ഗതാ​ഗത നിയന്ത്രണം

Advertisement

ആലപ്പുഴ: ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പണ്ടാരക്കളം മേൽപാലത്തിന്റെ ഗർഡർ കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്ന് രാത്രി ഒൻപതു മണി മുതൽ 12 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പൂപ്പള്ളി-ചമ്പക്കുളം-എസ്എൻ കവലവഴിയോ, പൂപ്പള്ളി-കൈനകരി-കൈനകരി ജംക്‌ഷൻ വഴിയോ തിരിഞ്ഞു പോകണം.

നസ്രത്ത്, ജ്യോതി ജംക്‌ഷൻ പാലങ്ങളുടെ പണി പൂർത്തിയായെങ്കിലും വാഹനങ്ങൾ ഇപ്പോഴും കുണ്ടും കുഴിയുമായ റോഡിലൂടെയാണ് കടത്തിവിടുന്നത്. പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന എല്ലാവിധ പരിശോധനകൾക്കും ശേഷമാകും വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങുകയെന്നാണ് വിവരം. തെരുവുവിളക്കുകൾ ഉൾപ്പെടെ സജ്ജീകരിച്ചെങ്കിൽ മാത്രമേ വാഹനങ്ങൾ കടത്തിവിടാൻ അനുമതി ലഭിക്കൂ. വിളക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് എസി റോഡിന്റെ നിർമാണച്ചുമതല.

നിർമിക്കുന്നത് 14 ചെറുപാലങ്ങൾ

എസി റോഡിൽ 14 ചെറുപാലങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്നത്. ഇവയിൽ 11 എണ്ണത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. രാമങ്കരി പാലം കഴിഞ്ഞ ദിവസം ഗതാഗതത്തിന് തുറന്നുകൊടുത്തു. എന്നാൽ കിടങ്ങറ പാലത്തിൽ നിന്ന് എസി റോഡിന് കുറുകെയുള്ള പാലത്തിലേക്ക് വാഹനങ്ങൾക്ക് കയറാൻ ബുദ്ധിമുട്ടുള്ളത് കാരണം കൂടുതൽ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടണം.

ഇതിന്റെ പാരിസ്ഥിതികാഘാത പഠനം ഉൾപ്പെടെ നടക്കാനുണ്ട്.എസി കനാലിനും എസി റോഡിനും ഇടയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കുന്ന കാര്യത്തിലും അവ്യക്തത തുടരുന്നു. ഇവിടെ നൂറിലധികം മരങ്ങളാണ് മുറിച്ചു മാറ്റാനുള്ളത്. മരങ്ങൾ മുറിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Advertisement