98ാം വയസ്സിൽ വീണ്ടും ശബരിമല കയറാൻ ഒരമ്മ; ഇരുപത്തിയഞ്ചാം തവണ അയ്യനെ കാണാനെത്തുന്നത് 30 അംഗ സംഘത്തിന്റെ ഗുരുസ്വാമിയായി

Advertisement

കണ്ണൂർ: ശബരിമല എന്നും ഒരു വികാരമാണ്.41 ദിവസത്തെ വ്രതവും തുടർന്നുള്ള അയ്യപ്പദർശനവുമൊക്കെ ഭക്തർക്ക് നൽകുന്നത് സമാനതകളില്ലാത്ത ഒരു അനുഭൂതി കൂടിയാണ്.

കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷക്കാലും ഏർപ്പെടുത്തിയ നിയന്ത്രണം അയ്യപ്പവിശ്വാസികളിൽ ഉണ്ടാക്കിയ നഷ്ടമെന്തന്നതിന്റെ തെളിവ് കൂടിയാണ് മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തവണ ശബരിമലയിൽ അനുഭവപ്പെടുന്ന അഭൂതപൂർവ്വമായ തിരക്ക്.ഇങ്ങനെ ശബരിമല ദർശനം ജീവിത വ്രതമാക്കിയ ഒട്ടേറെപ്പേരെ നമുക്ക് കാണാവുന്നതാണ്.അക്കൂട്ടത്തിൽ അത്ഭുതമാകുകയാണ് കണ്ണൂർ ജില്ലയിലെ 98 കാരി ദേവുഅമ്മ.

ഈ പ്രായത്തിലും അയ്യനെ കണ്ടുതൊഴാൻ വ്രതം നോറ്റിരുക്കുകയാണ് ദേവുഅമ്മ.ഇത്തവണ ദേവുഅമ്മയ്ക്ക് ഇത് തന്റെ 25ാം ശബരിമല ദർശനമാണ്.അയ്യപ്പനെ പ്രതിഷ്ഠിച്ച ഉറച്ച മനസ്സും തളരാത്ത ശരീരവുമായി തന്റെ ഇരുപത്തി അഞ്ചാം തവണത്തെ ശബരിമലയാത്രക്ക് തയാറായി വ്രതം നോറ്റിരിക്കുകയാണ് ഈ മാളികപ്പുറം. 98 വയസ്സിന്റെ പ്രായം ദേവു അമ്മ എന്ന മാളികപ്പുറത്തിന് മലകയറി അയ്യപ്പനെ കാണുക എന്ന തന്റെ ദൃഡ നിശ്ചയത്തിന് മുന്നിൽ ഒരു പ്രശ്‌നമേ അല്ല.

കൂത്തുപറമ്പ് കൈതേരിയാണ് ജന്മദേശമെങ്കിലും പിന്നീട് ഇരിട്ടി കുന്നോത്തും ഇപ്പോൾ വള്ളിത്തോടുമാണ് താറ്റിപ്രവൻ ദേവുഅമ്മ എന്ന നാട്ടുകാരുടെ സ്വന്തം ദേവൂമ്മ താമസിക്കുന്നത്.മണ്ഡലം തുടങ്ങുന്നതോടെ മാലയിട്ട് കറുപ്പുടുത്ത് വ്രതവും തുടങ്ങും. കാലത്ത് വീടിനു സമീപത്തുള്ള അമ്പലത്തിലെത്തി തൊഴുത് ശരണം വിളിച്ചാണ് ദേവു അമ്മയുടെ ഓരോ ദിവസവും ആരംഭിക്കുന്നത്.ഇത്തവണ മുപ്പതംഗ സ്വാമിമാരടങ്ങുന്ന സംഘത്തിലെ ഗുരുസ്വാമിയാണ് ഈ മാളികപ്പുറം. ഇവർക്കൊപ്പം നീലിമല നടന്നു കയറണം എന്ന് തന്നെയാണ് എന്റെ ആഗ്രഹമെന്നും ദേവു അമ്മ പറഞ്ഞുവെക്കുന്നു.

മക്കളായ നന്ദിനിയും വത്സലയും അമ്മക്കൊപ്പം മലയ്ക്ക് പോകുന്ന സംഘത്തിലുണ്ട്. മുൻകാലങ്ങളിൽ നീലിമല കയറുമ്പോഴും മറ്റും മാളികപ്പുറത്തെ നിരവധി സ്വാമിമാർ കാൽ തൊട്ട് വന്ദിക്കാനും മലകയറാനും അയ്യപ്പ ദർശനത്തിനായി സഹായിക്കാനും എത്താറുണ്ടെന്ന് ഇവർ പറയുന്നു. പ്രായം കൂടിയ മാളികപ്പുറം എന്ന നിലയിൽ സമീപ ക്ഷേത്രങ്ങളിലും മറ്റും വിളിച്ച്‌ ആദരിക്കാറുണ്ടെന്നും ഇത്തവണയും അത് തുടരുകയാണെന്നും ഇവർ കൂട്ടിച്ചേർത്തു.

കുന്നോത്ത്, മാടത്തിൽ സ്‌കൂളുകളിലായി ഏഴാം ക്ളാസ് വരെ പഠിച്ചു.ഓർമ്മവെച്ച കാലം മുതൽക്കെ അയ്യപ്പഭക്തയായ അമ്മ എല്ലാതവണയും 41 ദിവസം വ്രതം നോറ്റുതന്നെയാണ് ശബരിമല ദർശനം നടത്തുന്നത്.ഇത്തവണയും ഭംഗിയായി അയ്യപ്പദർശനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ

Advertisement