തിരുവനന്തപുരം: നിയമസഭ ചോദ്യങ്ങൾക്ക് മറുപടി നല‍്കാത്ത ധനമന്ത്രി ബാലഗോപാലിന്റെ നടപടി വിവാദത്തിലേക്ക്. കഴിഞ്ഞ നിയമസഭ സമ്മേളനത്തിലെ 89 ചോദ്യങ്ങൾക്കാണ് ബാലഗോപാൽ മറുപടി നൽകാത്തത്.
പ്രതിപക്ഷ എം എൽ എ മാരുടേത് മാത്രമല്ല ഭരണപക്ഷ എം.എൽ എ മാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് പോലും ബാലഗോപാൽ മറുപടി നൽകുന്നില്ല. സ്പീക്കറായ എ.എൻ ഷംസിറിന്റെ തലശേരി മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് സംബന്ധിച്ച ചോദ്യത്തിനും ഇതുവരെ മറുപടിയില്ല. ബാലഗോപാലിന്റെ ധനകാര്യ മാനേജ്മെന്റിലെ പാളിച്ച മൂലം സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ ബാധിച്ചിരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ധനമന്ത്രി.
നിയമസഭ ചോദ്യത്തിന്റെ മറുപടി ചോദ്യം ഉന്നയിക്കുന്നതിന്റെ തലേ ദിവസം നൽകണം എന്നാണ് ചട്ടം. നിയമസഭ സമ്മേളനം തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ്. എന്നിട്ടും കഴിഞ്ഞ സമ്മേളനത്തിലെ ചോദ്യങ്ങൾക്ക് ബാലഗോപാൽ മറുപടി നൽകാത്തത് എന്താണെന്ന ചോദ്യമാണ് ഉയരുന്നത്. ബാലഗോപാലിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ ധനകാര്യത്തിലെ അറിവില്ലായ്മയും മറുപടി ലഭിക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നു. നിയമസഭ ചോദ്യങ്ങൾക്ക് മറുപടി തരാത്ത ബാലഗോപാലിന്റെ നടപടി പ്രതിപക്ഷം നിയമസഭയിൽ ചോദ്യം ചെയ്യും.
ജി എസ് ടി നഷ്ടപരിഹാരം , ആഭ്യന്തര ഉൽപാദനത്തിലെ വളർച്ച, ഫണ്ട് വകമാറ്റി ചെലവഴിച്ച ബെഹ്റയുടെ നടപടി , കരാറുകാർക്ക് നൽകാനുള്ള തുക, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി വാഹനം വാങ്ങുന്നതിന് എത്ര തുക നൽകി , മുഖ്യമന്ത്രിയുടെ സുരക്ഷ ചെലവ്, പൊതു കടം , പലിശയിനത്തിനുള്ള തിരിച്ചടവ് , കടമെടുപ്പ് പരിധി, വായ്പ പരിധി, ആളോഹരി കട ബാധ്യത, വിലകയറ്റം നിയന്ത്രിക്കാൻ ഭക്ഷ്യ വകുപ്പിന് എത്ര തുക നൽകി , കിഫ് ബി, ഇന്ധന വില , പാചക വാതക വില , സർക്കാരിന്റെ ധനസ്ഥിതി, നിത്യോപയോഗ സാധനങ്ങൾ ഏർപ്പെടുത്തിയ ജി എസ് ടി തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കാണ് മറുപടി നൽകാത്തത്.