സിപിഐ മാധ്യമങ്ങളിൽ മാത്രമുള്ള പാർട്ടിയെന്ന പരിഹാസവുമായി എൽജെഡി, സർക്കാരിനെതിരെയും രൂക്ഷ വിമർശനം

Advertisement

തൃശൂർ: ഇടത് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളും വിമർശനങ്ങളുമായി ഘടക കക്ഷി എൽ.ജെ.ഡി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും പിറകോട്ട് പോകുന്നതായി സംശയിക്കുന്നുവെന്ന് വിമർശനം. അറബിക്കടൽ അദാനിക്ക് പണയം വെച്ച് മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കിയെന്നും ആരോപണം. തൃശൂരിൽ നടന്ന പഠന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് വിമർശനം.

പഠനക്യാമ്പിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ മുഖ്യ പാർട്ടിയായ സിപിഎമ്മിനും മറ്റ് ഘടകകക്ഷികൾക്കും എതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നം, കെ റെയിൽ സർവ്വേ തുടങ്ങിയവയിൽ സർക്കാരിന് വീഴ്ചയുണ്ടായി. വെറും മാധ്യമങ്ങളിൽ മാത്രമുള്ള പാർട്ടിയാണ് സി.പി.ഐയെന്നാണ് പരിഹാസം. കേരള കോൺഗ്രസ് എം, ബാലകൃഷ്ണപിള്ള, സ്കറിയ വിഭാഗം, ജനാധിപത്യ കേരള കോൺഗ്രസുകളും, കോൺഗ്രസ് അവശിഷ്ടങ്ങളായ എൻ.സി.പിയും, കോൺഗ്രസ് എസും മുസ്ളീം ലീഗിൻറെ ജൂനിയർ രൂപമായ ഐ.എൻ.എല്ലും ഇടതുപക്ഷ ചേരിക്ക് രാഷ്ട്രീയ സംഭാവന നൽകുന്ന പാർട്ടികളല്ല എന്നാണ് ഘടക കക്ഷികൾക്കെതിരായ വിമർശനം.

കെ .റെയിൽ, വിഴിഞ്ഞം പദ്ധതികളിൽ സർക്കാരിന് വീഴ്ച പറ്റി. സർക്കാർ പദ്ധതികൾ ഒരു വിഭാഗം ജനങ്ങളെ പുറമ്പോക്കിലാക്കുന്നു. കെ റെയിൽ പദ്ധതിക്ക് ഉപഗ്രഹ സർവേകൾ ഉപയോഗിക്കാതെ പാവപ്പെട്ടവരുടെ പറമ്പിൽ മഞ്ഞക്കുറ്റിയിട്ടത് ആശങ്കയുണ്ടാക്കി. പൊലീസ് സേനയിൽ ഹിന്ദു-മുസ്‌ലിം തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടോ എന്നു സംശയിക്കുന്നതായും തുടങ്ങിയ രൂക്ഷമായ പരാമർശങ്ങളാണ് രാഷ്ട്രീയ പ്രമേയത്തിലുള്ളത്.

സംഘടനാ ചുമതലയുള്ള സെക്രട്ടറി വിൻസെൻറ് പുത്തൂരാണ് പ്രമേയം അവതരിപ്പിച്ചത്. എം.വി ശ്രേയാംസ്കുമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ക്യാമ്പിലായിരുന്നു വിമർശനം.