ചാത്തന്നൂർ: സെൽഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധു കാല്‍വഴുതി പാറക്കുളത്തിലേക്ക് പിന്നാലെ രക്ഷിക്കാനായി പ്രതിശ്രുത വരന് ചാടി. നാട്ടുകാരുടെ സമയോചിതമായപ്രവര്ത്തനത്താല് ഇരുവരും രക്ഷപ്പെട്ടു.
പരവൂർ കൂനയിൽ അശ്വതി കൃഷ്ണയിൽ വിനു കൃഷ്ണൻ കല്ലുവാതുക്കൽ ശ്രീരാമപുരം അറപ്പുര വീട്ടിൽ സാന്ദ്ര.എസ്.കുമാർ എന്നിവരാണ് സേവ് ദ ഡേറ്റിനായി സെല്‍ഫി എടുക്കുന്നതിനിടെ പാറക്കുളത്തില്‍ വീണത്. .
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ കാൽ തെറ്റി പാറകുളത്തിൽ വീണാണ് അപകടം ഉണ്ടായത്. പാരിപ്പള്ളി വേളമാനൂർ കാട്ടുപുറം പാറക്വാറിയിലെ
കുളത്തിൽ വീണ് ആണ് അപകടം .
വെള്ളിയാഴ്ചയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.വിവാഹത്തിന് മുന്നോടിയായി ഇരുവരും ക്ഷേത്രദർശനത്തിനായി
വേളമാനൂർ കാട്ടുപ്പുറത്തിന് സമീപമുള്ള ക്ഷേത്രത്തിൽ എത്തുകയായിരുന്നു. ദർശനത്തിന് ശേഷം ഇരുവരും സമീപത്തെ പാറക്വാറിയും കുളവും കാണാൻ എത്തുകയായിരുന്നു. തുടർന്ന് ഇവർ പാറ ക്വാറിയുടെ ഏറ്റവും മുകൾഭാഗത്ത് കയറി. ഇവിടെ നിന്ന് മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ സാന്ദ്ര കാൽവഴുതി പാറക്കുളത്തിലേക്ക് വീഴുകയായിരുന്നു.പാറ പൊട്ടിച്ച് 120 ൽ അധികം അടി താഴ്ചയുള്ളതായിരുന്നു പാറക്കുളം.
സാന്ദ്ര വീണതിനെ തുടർന്ന് രക്ഷിക്കാൻ വിനു കൂടെ ചാടി. വെള്ളത്തിലേക്ക് മുങ്ങിത്താഴുന്ന സാന്ദ്രയെ വിനു കുമാർ രക്ഷിച്ച് പാറയിൽ പിടിച്ച് നിർത്തുകയായിരുന്നു. വിനുവിന്റെ നിലവിളി കേട്ട് സമീപത്തെ റബ്ബർ തോട്ടത്തിൽ റബ്ബർ എടുക്കുന്നതിനായി വന്ന യുവാവ് സംഭവം കണ്ട് പ്രദേശവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഓടി കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.നാട്ടുകാർ പാറക്വാറിയുടെ ഏറ്റവും മുകളിൽ കയറി കയർ ഇട്ടുകൊടുത്ത ഇരുവരെയും കെട്ടി നിർത്തി. ഇതിനിടയിൽ പാരിപ്പള്ളി പൊലീസും, പരവൂരിൽ നിന്നുള്ള
ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ഇവരുടെ നേതൃത്വത്തിൽ കയറും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സാധനങ്ങൾ സ്ഥലത്ത് എത്തിച്ചു. ചങ്ങാടം എത്തിച്ച്
പ്രദേശവാസികളായ രണ്ടു യുവാക്കളുടെ നേതൃത്വത്തിൽ കുളത്തിൽ ഇറങ്ങി ചങ്ങാടത്തിൽ പോയിഇരുവരെയും രക്ഷിച്ച് കരയിൽ എത്തിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നതിനെ തുടർന്ന് വിവാഹം മാറ്റിവെച്ചതായി ബന്ധുക്കൾ അറിയിച്ചു.